ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ കാഴ്ചക്കുല സമര്‍പ്പണം നാളെ

Posted on: 26 Aug 2015ചോറ്റാനിക്കര: ഓണാഘോഷത്തിന്റെ ഭാഗമായി ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ കാഴ്ചക്കുല സമര്‍പ്പണം ഉത്രാട നാളായ വ്യാഴാഴ്ച നടക്കും. രാവിലെ പന്തീരടി പൂജയ്ക്കു ശേഷം സ്വര്‍ണക്കൊടിമരച്ചുവട്ടില്‍ തൂശനിലയില്‍ മേല്‍ശാന്തി ആദ്യ കാഴ്ചക്കുല ദേവിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് ദേവസ്വം ബോര്‍ഡധികൃതരും മറ്റ് ഭക്തജനങ്ങളും ഉത്രാട കാഴ്ചക്കുലകള്‍ സമര്‍പ്പിക്കും. ക്ഷേത്ര നടപ്പുരയില്‍ ഉത്രാട പൂക്കളവും ഇടും. ദേവിക്ക് വഴിപാടായി സമര്‍പ്പിക്കുന്ന കാഴ്ചക്കുലകളുടെ ഒരു ഭാഗം തിരുവോണ ദിവസമായ വെള്ളിയാഴ്ച പഴം നുറുക്കായി ദേവിക്ക് നിവേദിക്കും. വിശേഷാല്‍ അലങ്കാരങ്ങള്‍ കൂടാതെ തിരുവോണ നാളില്‍ ദേവിക്ക് പുത്തരി നിവേദ്യത്തോടൊപ്പം കാളന്‍, ഓലന്‍, വറുത്തുപ്പേരി, ചേന-കായ് എന്നിവ കൊണ്ടുള്ള മെഴുക്കുപുരട്ടി, ഉപ്പുമാങ്ങ, ഉറത്തൈര് തുടങ്ങിയ വിഭവങ്ങളും നിവേദിക്കും. ആചാര പ്രകാരം പള്ളിപ്പുറത്ത് മനയില്‍ നിന്നാണ് നിവേദ്യത്തിനുള്ള ഉപ്പുമാങ്ങ കൊണ്ടുവരുന്നത്. തിരുവോണപ്പൂക്കളം ഒരുക്കുന്നതോടൊപ്പം പഞ്ചവാദ്യവും ഉണ്ടാകും. 11 മുതല്‍ ഭക്തജനങ്ങള്‍ക്ക് അന്നദാന മണ്ഡപത്തില്‍ വിഭവസമൃദ്ധമായ സദ്യയും ഉണ്ട്. ഉത്രാടക്കാഴ്ചക്കുലകളുടെ ഒരു ഭാഗം സദ്യക്ക് പഴം പ്രഥമനു വേണ്ടി ഉപയോഗിക്കും. തിരുവോണ ദിവസം 11.30-ഓടെ ക്ഷേത്ര നട അടയ്ക്കും.

More Citizen News - Ernakulam