ഓണാഘോഷത്തിന് ഒരുങ്ങി നാട്

Posted on: 26 Aug 2015പറവൂര്‍: പൂക്കള മത്സരവും ഭക്ഷ്യമേളകളും പ്രദര്‍ശങ്ങളും കലാപരിപാടികളുപമായി നാടെങ്ങും ഓണാഘോഷം.
മിനി സിവില്‍സ്റ്റേഷന്‍ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. പൂക്കള മത്സരത്തില്‍ നാഷനല്‍ ഹൈവേ ഓഫീസ് ഒന്നാം സ്ഥാനം നേടി. താലൂക്ക് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് രണ്ടാം സ്ഥാനവും താലൂക്ക് സപ്ലൈ ഓഫീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജീവനക്കാരുടെ കുടുംബസംഗമം നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് തോപ്പില്‍ ഉദ്ഘാടനം ചെയ്തു. സിവില്‍ സ്റ്റേഷന്‍ സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് എം.ബി. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
പുത്തന്‍വേലിക്കര എന്‍.എസ്.എസ്. വനിതാ സമാജം ഓണാഘോഷം നടത്തി. 70 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന വനിതകളെ ഓണപ്പുടവ നല്‍കി ആദരിച്ചു. പൂക്കളം-വടംവലി മത്സരങ്ങളും ഉണ്ടായി. കരയോഗം പ്രസിഡന്റ് ഡോ. വി.ആര്‍. പിള്ള സമ്മാനദാനം നിര്‍വഹിച്ചു.
പറവൂര്‍ ഡോണ്‍ബോസ്‌കോ ആശുപത്രിയില്‍ സംഘടിപ്പിച്ച ഓണാഘോഷം ഫാ. ജോയ് വിന്‍സന്റ് തൈപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടര്‍ ഫാ. സൂജു കണിച്ചുകുന്നത്ത് അധ്യക്ഷത വഹിച്ചു.
കിഴക്കേപ്രം സമന്വയ റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബസംഗമവും ബുധനാഴ്ച നടക്കും. വഴിക്കുളങ്ങര എന്‍.എസ്.എസ്. കരയോഗം ഹാളില്‍ രാവിലെ ഒന്‍പതിന് നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്യും. എന്‍. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കലാപരിപാടികള്‍.
തുരുത്തൂര്‍ നികത്തില്‍ ബ്രദേഴ്‌സിന്റെ ഓണോത്സവം ശനിയാഴ്ച നടക്കും. വിവിധ മത്സരങ്ങളും ഉണ്ടാകും. പെരിഞ്ഞനം സ്വരലയ കലാവേദിയുടെ ഓണക്കളിയും ഉണ്ടാകും.

More Citizen News - Ernakulam