കെ.കരുണാകരന്‍, ടി.എം.ജേക്കബ് സ്മാരക ട്രോഫികള്‍ ചമ്പക്കുളത്തിനൊ കാരിച്ചാലിനൊ ?

Posted on: 26 Aug 2015പിറവം വള്ളം കളി:
പിറവം:
പിറവം പുഴയുടെ കുത്തൊഴുക്കിനെതിരെ നടന്ന ആവേശോജ്വലമായ വള്ളംകളി മത്സരത്തില്‍ കെ.കരുണാകരന്‍, ടി.എം.ജേക്കബ് സ്മാരക എവര്‍റോളിങ് ട്രോഫികള്‍ ചമ്പക്കുളത്തിനൊ ? കാരിച്ചാലിനൊ ?, വള്ളംകളിയുടെ നിയമാവലി തലനാരിഴ കീറി പരിശോധിച്ച് ഫലം ഇന്ന് പ്രഖ്യാപിക്കും.
ആലപ്പുഴ പുന്നമട ടൗണ്‍ ബോട്ട് ക്ലബ്ബ് വലിച്ച ചമ്പക്കുളം ആദ്യം ഫിനിഷ് ചെയ്‌തെങ്കിലും അവര്‍ ട്രാക്ക് മാറിയാണ് ഫിനിഷ്‌ െചയ്തതെന്ന് ഇഞ്ചോടിഞ്ച് പൊരുതി വന്ന 'കാരിച്ചാല്‍' പരാതിപ്പെട്ടു. കുമരകം ടൗണ്‍ ക്ലബ്ബ് വലിച്ച കാരിച്ചാലിന്റെ പരാതിയെ തുടര്‍ന്ന് ഫലപ്രഖ്യാപനം മാറ്റി വക്കുകയായിരുന്നു. ഫോട്ടോ ഫിനിഷിങ് സംബന്ധിച്ച സീനുകള്‍ പരിശോധിച്ചശേഷം ബുധനാഴ്ച ഫലം പ്രഖ്യാപിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാബു കെ.ജേക്കബ് പറഞ്ഞു.
പിറവം പാലത്തിന് താഴെ ആയിരം മീറ്റര്‍ പുഴയുടെ നട്ടായം 5.1 മിനിറ്റ് സമയം കൊണ്ട് തുഴഞ്ഞെത്തിയ മത്സരം അതിന്റെ ഓരോ നിമിഷവും ആകാംക്ഷ നിറഞ്ഞതായിരുന്നു. പുഴയുടെ ഇരുകരകളിലുമായി തിങ്ങിക്കൂടിയ ആയിരങ്ങളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരം അവസാനനിമിഷം അനിശ്ചിതത്വത്തിലായത് കാണികളെ തെല്ല് നിരാശരാക്കിയെങ്കിലും ലൂസേഴ്‌സിന്റെ ഫൈനലിലൂടെ അവര്‍ തൃപ്തരായി.
ചുണ്ടന്‍ ലൂസേഴ്‌സ് ഫൈനലില്‍ സെന്റ് ആന്റണീസ് നീരേറ്റുപുറം തുഴഞ്ഞ ശ്രീഗണേശന്‍ ഒന്നാം സ്ഥാനം നേടി. വേമ്പനാട് ബോട്ട് ക്ലബ്ബ് കുമരകം വലിച്ച ജവഹര്‍ തായങ്കരി രണ്ടാംസ്ഥാനവും പായിപ്പാട് ബോട്ട് ക്ലബ്ബ് വലിച്ച പായിപ്പാടന്‍ മൂന്നാംസ്ഥാനവും നേടി.
എ ഗ്രേഡ്‌ െവപ്പ് വള്ളങ്ങളുടെ വിഭാഗത്തില്‍ കെ.ബി.സി. കൈപ്പുഴമുട്ട് വലിച്ച അമ്പലക്കടവന്‍ ഒന്നാംസ്ഥാനവും എസ്.പി.സി. കുമരകം വലിച്ച 'മണലി' രണ്ടാം സ്ഥാനം നേടി. വെപ്പ് ബി ഗ്രേഡില്‍ ഒ. ബി.ഡി. എറണാകുളം വലിച്ച 'പനയക്കഴിപ്പ്' ഒന്നാംസ്ഥാനവും 'ഡ്യുക്ക്' രണ്ടാം സ്ഥാനവും നേടി.
എ ഗ്രേഡ് ഓടി വള്ളങ്ങളുടെ മത്സരത്തില്‍ കുട്ടനാട് ബോട്ട് ക്ലബ്ബ് വലിച്ച പടക്കുതിര ഒന്നാംസ്ഥാനവും അമൃത ബോട്ട് ക്ലൂബ്ബ് പറവൂര്‍ വലിച്ച മാമൂടന്‍ രണ്ടാം സ്ഥാനവും നേടി.
വനിതകള്‍ തുഴഞ്ഞ 18 പേര്‍ കയറുന്ന നാടന്‍ വള്ളങ്ങളുടെ മത്സരത്തില്‍ കളമ്പൂര്‍ ധനലക്ഷ്മി കുടുംബശ്രീ വലിച്ച ജലറാണി ഒന്നാംസ്ഥാനവും ഇട്ടിയാര്‍മല കുടുംബശ്രീയുടെ ശ്രീഭദ്ര രണ്ടാം സ്ഥാനവും നേടി.
സമാപന ചടങ്ങില്‍ ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലനും ഫ്‌ലവേഴ്‌സ് എം.ഡി. ആര്‍.ശ്രീകണ്ഠന്‍ നായരും ചേര്‍ന്ന് വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.

More Citizen News - Ernakulam