മത്സ്യ-സമുദ്ര പഠനത്തിന് പ്രത്യേക മന്ത്രാലയം വേണമെന്ന് ലോക സമുദ്രശാസ്ത്ര കോണ്‍ഗ്രസ്‌

Posted on: 09 Feb 2015കൊച്ചി: സമുദ്ര മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക മന്ത്രാലയം രൂപവത്കരിക്കണമെന്ന് ലോക സമുദ്രശാസ്ത്ര കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പ്രത്യേക മന്ത്രാലയം രൂപവത്കരിക്കുകയാണെങ്കില്‍ പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായ പദ്ധതികള്‍ക്കു രൂപം നല്‍കാനാകുമെന്ന് സമുദ്രശാസ്ത്ര കോണ്‍ഗ്രസില്‍ അന്തിമ രൂപം നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു.
കേരള ഫിഷറീസ് സമുദ്ര പഠന ഗവേഷണ സര്‍വകലാശാലയും (കുഫോസ്) സ്വദേശി ശാസ്ത്ര പ്രസ്ഥാനവും ചേര്‍ന്ന് സംഘടിപ്പിച്ച നാല് ദിവസം നീണ്ട പരിപാടിയില്‍ ഇന്ത്യയില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 86 സ്ഥാപനങ്ങളുടെയും 14 രാജ്യാന്തര സ്ഥാപനങ്ങളുടെയും പ്രതിനിധികളാണ് പങ്കെടുത്തത്. 450 പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
മത്സ്യബന്ധന മേഖലയിലെ നൂതന ശാസ്ത്രസാങ്കേതിക വിദ്യകള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കൂടി ലഭ്യമാക്കണമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത കെ.വി. തോമസ് എം.പി. പറഞ്ഞു. സമാപന സമ്മേളനത്തില്‍ കേരള ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ് അധ്യക്ഷനായിരുന്നു. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കും മികച്ച രീതിയില്‍ സ്റ്റാളുകള്‍ സജ്ജീകരിച്ചവര്‍ക്കും ഡോ. മധുസൂദനക്കുറുപ്പ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
വിജ്ഞാനഭാരതി സെക്രട്ടറി ജനറല്‍ എ. ജയകുമാര്‍, സമുദ്രശാസ്ത്ര കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ വി.എന്‍. സഞ്ജീവന്‍, ജനറല്‍ കണ്‍വീനര്‍ പി.എ. വിവേകാനന്ദ പൈ, എന്‍പിഒഎല്‍ ഡയറക്ടര്‍ എസ്. അനന്തനാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam