വിസ്മൃതിയിലാകുന്ന കല്യാണസൗഗന്ധികം

Posted on: 18 Mar 2015

സീമ സുരേഷ്‌
മാസ്മരിക സുഗന്ധം ഉള്ളിലൊതുക്കിയ കല്യാണസൗഗന്ധികവും ഇന്ന് വംശനാശത്തിന്റെ വക്കില്‍. പുതിയ പൂക്കളേയും വിളകളേയും തേടിയുള്ള പരക്കംപാച്ചിലിനിടയിലാണ് കല്യാണസൗഗന്ധികം വിസ്മൃതിയിലാവുന്നത്.

'അതിസുഗന്ധമുള്ള പുഷ്പം' എന്നാണ് കല്യാണസൗഗന്ധികം എന്ന വാക്കിനുതന്നെ അര്‍ഥം. ?പഞ്ചപാണ്ഡവരില്‍ ശക്തനായ ഭീമസേനന്‍ പ്രിയതമയായ പാഞ്ചാലിക്കുവേണ്ടി തേടിപ്പോയ പൂവും ഇതേ കല്യാണസൗഗന്ധികം തന്നെ. ഇന്ത്യന്‍ മണ്ണില്‍ തന്നെയാണ് ഈ പൂച്ചെടിയുടെ പിറവി.

തണലത്തും വെയിലത്തും വളരുന്ന ഇതിന്റെ പൂവിന് ചിറകുവിടര്‍ത്തിയ ചിത്രശലഭത്തോട് സാമ്യമുണ്ട്. അങ്ങനെ ഇതിന് 'വൈറ്റ് ബട്ടര്‍ഫ്‌ലൈ ജിഞ്ചര്‍' എന്ന് പേരുകിട്ടി. ?വേനല്‍ പകുതിയോടെയാണ് കല്യാണസൗഗന്ധികത്തിന്റെ പൂക്കാലം. തണ്ടിന്റെ അഗ്രഭാഗത്താണ് മനംമയക്കുന്ന സുഗന്ധമുള്ള വെള്ളപ്പൂക്കള്‍ കൂട്ടമായി വിടരുക. ഒറ്റദിവസത്തെ ആയുസ്സേ ഈ പൂക്കള്‍ക്കുള്ളൂ.

പൂക്കള്‍ ക്രമേണ കായ്കളാകും; ഉള്ളില്‍ നിറയെ നല്ല ചുവന്ന നിറമുള്ള വിത്തുകളാണ്.

നാം അത്ര പ്രാധാന്യം കല്പിച്ചിട്ടില്ലെങ്കിലും ഒട്ടുമിക്ക വിദേശരാജ്യങ്ങളിലും കല്യാണസൗഗന്ധികം ലാന്‍ഡ് സ്‌കേപ്പ് ചെടിയായി വളര്‍ത്തുന്നുണ്ട്. ക്യൂബയുടെ ദേശീയപുഷ്പമാണ് കല്യാണസൗഗന്ധികം.

കല്യാണസൗഗന്ധികം വളര്‍ത്താന്‍ എളുപ്പമാണ്. വിത്തുകിഴങ്ങ് 20 സെ.മീ. നീളത്തില്‍ കഷണങ്ങളാക്കി രണ്ടുഭാഗം മണ്ണും രണ്ടുഭാഗം മണലും ഒരു ഭാഗം ഇലപ്പൊടിയും കലര്‍ന്ന മിശ്രിതത്തില്‍ നട്ടാല്‍ മതി. ജൈവവളക്കൂട്ടുകളോടാണ് പ്രിയം. ചട്ടിയിലും നടാം. ചട്ടിനിറഞ്ഞ് ചെടി വളരുന്നതിനാല്‍ എല്ലാ വര്‍ഷവും മൂന്നോ നാലോ ആയി വിഭജിച്ചുമാറ്റി നടുന്നതാണ് ഉചിതം. പഴയ തണ്ടുകളും പൂക്കളും യഥാസമയം നീക്കണം.

പൂവില്‍നിന്ന് വേര്‍തിരിക്കുന്ന പരിമളതൈലം അത്തര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നു. വിടരാത്ത പൂമൊട്ടുകള്‍ സലാഡ് പച്ചക്കറിപോലെ ഉപയോഗിക്കുന്ന പതിവുണ്ട്. കിഴങ്ങില്‍ നിന്നെടുക്കുന്ന തൈലം വയറുവേദന ശമിപ്പിക്കും; വിരനാശിനിയുമാണ്. തണ്ടില്‍ 48 ശതമാനം വരെ സെല്ലുലോസ് ഉള്ളതിനാല്‍ പേപ്പര്‍ നിര്‍മാണത്തിന് പ്രയോജനപ്പെടുന്നു.Stories in this Section