ഡെസ്റ്റിനേഷന്‍ - ഇന്ത്യ

പൂപ്പാടങ്ങള്‍ക്കപ്പുറം

Text : T.J Sreejith, Photos : Madhuraj

 


നിറഭേദങ്ങളുടെ താഴ്‌വാരങ്ങളിലൂടെ കോടമഞ്ഞിന്റെ മായിക വലയങ്ങള്‍ തീര്‍ക്കുന്ന ഉയരങ്ങളിലേക്ക്, ഒരു ബൈക്ക് യാത്ര
ചിലപ്പോ അങ്ങനെയാണ്, അത്യാവശ്യത്തിന് എന്തെങ്കിലുമൊരു സംഗതി തപ്പിയാല്‍ കാണില്ല. അല്ലെങ്കില്‍ കണ്ണിന്റെ ചുറ്റുവട്ടത്ത് അതിങ്ങനെ തത്തിക്കളിക്കും, ഒരാവശ്യവുമില്ലാതെ. അതു പോലെ തന്നെയാണ് എങ്ങോട്ടെങ്കിലും പുറപ്പെടാന്‍ നേരം തീരെ പ്രതീക്ഷിക്കാത്തത് സംഭവിക്കുക. എല്ലാം തകിടം മറിക്കുന്ന ഒന്ന്. ഇതു രണ്ടും ആ യാത്രയ്ക്ക് മുന്‍പ് സംഭവിച്ചു.

ഒരു 'ഒറ്റ ബുദ്ധി' യായിരുന്നു 'ഗുഗോ'യിലേക്കുള്ള പോക്ക്, വരും വരായ്കകളൊക്കെ വരട്ടെ എന്നു വിചാരിച്ചു. ഗുഗോ എന്നാല്‍ ഗുണ്ടല്‍പേട്ട് വഴി ഗോപാല്‍സ്വാമി ബെട്ട. മഴ എന്ന പ്രതിഭാസം തീരെ ഇല്ലാതിരുന്ന ഒരു വൈകുന്നേരം ഉള്‍വിളി പോലൊരു പൂവിളി, സൂര്യകാന്തിയും ജമന്തിയും പൂത്തു നില്‍ക്കുന്ന ഗുണ്ടല്‍പേട്ടില്‍ നിന്ന്. എന്നാ, പിന്നെ പൊയ്ക്കളയാം. പോക്കും വരവുമായി ഒറ്റദിവസം കൊണ്ട് പിന്നിടേണ്ടത് 350 കിലോമീറ്റര്‍.

ബുള്ളറ്റിലാണ്, യാതൊരു തയ്യാറെടുപ്പുമില്ല. വണ്ടിയുടെ കണ്ടീഷന്‍ പോലും നോക്കിയിട്ടില്ല. മധുരാജിന്റെയും! ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ ഹൃദയമൊന്ന് ആഞ്ഞു തുമ്മിയിരുന്നു. അതിനുശേഷം ആള്‍ അല്‍പ്പം വിശ്രമത്തിലാണ്. കാര്യമായ യാത്രകളൊന്നുമില്ല. 'എങ്ങനെ പേടിയുണ്ടോ...?' വിളിച്ചാല്‍ വരുമെന്നറിയാം എങ്കിലും മനസ്സിലിരുപ്പ് അറിയണമല്ലോ, അതു കൊണ്ട് ഒരു ചോദ്യമിട്ടു കൊടുത്തു. ഇതൊക്കെ എന്ത് എന്നര്‍ത്ഥത്തില്‍ ശബ്ദത്തിന്റെ ടോണ്‍ മാറ്റിക്കൊണ്ട് മറുപടി വന്നു; 'ഐ.സി യുവില്‍ കിടന്നിട്ട് പേടിച്ചിട്ടില്ല, പിന്നെയല്ലേ നിന്റെ ബൈക്കിനു പിന്നില്‍'.

രാവിലെ എഴുന്നേറ്റപ്പോള്‍ പുറത്ത് മഴ തിമിര്‍ക്കുകയാണ്. ഇത്രയും നാള്‍ പെയ്യാതെ, മാനത്ത് ഡാം കെട്ടി കാത്തിരുന്നതു പോലെ വല്ലാത്തൊരു പെയ്ത്ത്. അതിനിടെയാണ് ബൈക്കിന്റെ താക്കോലിനൊന്ന് ഒളിക്കാന്‍ തോന്നിയത്. അരമണിക്കൂര്‍ കഴിഞ്ഞാണ് അവന്‍ നിലപാട് വ്യക്തമാക്കിയത്. ഹെല്‍മെറ്റിനുള്ളില്‍ സുഖദമായ മയക്കത്തിലായിരുന്നു.

ഈ മഴയത്ത് പോകണോ...രണ്ടു പേരുടെ മനസ്സിലും ഒരുപോലെ സംശയമുദിച്ചു. എന്തായാലും തീരുമാനിച്ചതല്ലേ പോയിട്ടു തന്നെ ബാക്കി കാര്യം. പെയ്‌തൊഴിയാന്‍ മഴയ്ക്ക് ഭാവമില്ലെന്ന് കണ്ടപ്പോള്‍ ഞങ്ങളും വിട്ടു കൊടുത്തില്ല. റെയിന്‍കോട്ടിനുള്ളില്‍ കയറി, വെളുപ്പിന് ആറുമണിയോടെ കോഴിക്കോട് നിന്നും ബുള്ളറ്റ് ഓടി തുടങ്ങി. പുറപ്പെടാന്‍ ഉദ്ദേശിച്ച ആദ്യത്തെ ഒരു മണിക്കൂര്‍ മഴയില്‍ ഒലിച്ചു പോയിരുന്നു. അത് ഓട്ടത്തില്‍ പിടിക്കണം.

റെയിന്‍കോട്ടിലൊന്നും വലിയ അര്‍ത്ഥമില്ലെന്ന് പോകെ പോകെ മനസ്സിലായി. ഷൂവിനുള്ളില്‍ നിന്ന് ഗ്ലും.... ഗ്ലും... അനുഭവങ്ങള്‍! പക്ഷെ മഴയുടെ താളത്തിനൊത്ത് ബൈക്കിന്റെ താളവും മുറുകി. മഴത്തുള്ളികള്‍ക്കൊപ്പം മധുരാജ് പാടി തുടങ്ങി 'Walking in the moonlight I am thinking of you...' എത്ര ആലോചിച്ചിട്ടും മഴയത്ത് ബൈക്കില്‍ പോകുമ്പോള്‍ ആ വരികള്‍ പാടിയതിന്റെ ഗുട്ടന്‍സ് പിടികിട്ടിയില്ല. ചോദിച്ച് നല്ല മൂഡ് കളഞ്ഞില്ല.
വയനാട് ചുരം കയറാന്‍ തുടങ്ങിയപ്പോള്‍ മഴയ്ക്ക് അല്‍പ്പം തലക്കനം വെച്ചു. രണ്ടാം വളവ് കയറുന്നതേയുള്ളു. അതാ.. അബൂബക്കറിന്റെ പെട്ടിക്കടയില്‍ നിന്ന് ആവി പറക്കുന്ന ചായ രണ്ടു കയ്യും നീട്ടി വിളിക്കുന്നു. ഷൂവിനുള്ളില്‍ നിന്നും കാല്‍ബക്കറ്റ് വെള്ളമെങ്കിലും കിട്ടി, ഉപകാരമില്ലാത്തതിനാല്‍ ചുരത്തിലൂടെ ഒഴുക്കിവിട്ടു. മഴയുടെ ഗന്ധം പിടിക്കാന്‍ മൂക്ക് വിടര്‍ത്തി. പ്രതീക്ഷയെ ചുരത്തില്‍ നിന്നും തള്ളിയിട്ട്, മൂക്കിനുള്ളിലേക്ക് കയറിയത് ടയര്‍ കരിഞ്ഞ ഗന്ധമായിരുന്നു. ചുരത്തിലെ കൊടുംവളവുകളുടെ സ്ഥായിയായ ഗന്ധം.
ഓരോ കയറ്റങ്ങളിലും തണുപ്പിന്റെ ഗ്രാഫ് കൂടി വന്നു. ചുരം കയറാനാവാതെ മഴ നിന്നു കിതച്ചു. തുള്ളികള്‍ നൂല്‍ പരുവത്തിലേക്ക് രൂപം മാറി. പിന്നെ അതും ഇല്ലാതായി. ലക്കിടിയെത്തിയപ്പോഴേക്കും റെയിന്‍ കോട്ടൊക്കെ അഴിച്ചു വെച്ചു. പിന്നെ ഒരു പോക്കായിരുന്നു. അല്ല, 'ഒരുപ്പോക്കായിരുന്നു'! ഉച്ചയ്ക്ക് മുന്‍പെങ്കിലും ഗുണ്ടല്‍പേട്ടെത്തണം. എത്ര വേഗത്തിലോടിച്ചിട്ടും എത്താത്തതു പോലെ. വഴികള്‍ തീരുന്നില്ല, അതിങ്ങനെ നീളം വെച്ച് പോകുന്നു.

ബത്തേരിയെത്തുമ്പോഴേക്കും രണ്ടു ബോണ്ടയും പരിപ്പുവടയും ചായയും കൂടെ പോന്നിരുന്നു. വഴിയില്‍ നിന്ന് 'ലിഫ്ട്' ചോദിച്ചതാണ്. ഇനിയുമുണ്ടൊരു 70 കിലോമീറ്റര്‍. കൃഷിയിടങ്ങളിലേക്ക് വേലയ്ക്ക് പോകുന്നവരുടെ സംഘങ്ങള്‍ വഴിയോരങ്ങളില്‍ നിറയെ. മഴപ്പേടിയായിരിക്കണം, എല്ലാവരും പലേ നിറങ്ങളിലുള്ള പ്ലാസ്റ്റിക് പൊതികളാണ്. വലിയ പ്ലാസ്റ്റിക് കവറുകള്‍ മുറിച്ച് ബനിയനോ ളോഹയോ ആക്കിയിരിക്കുന്നു.

പച്ചപ്പാടങ്ങളും നരച്ച കാവല്‍പ്പുരകളും അതിലും നരച്ച ആകാശവും ചേര്‍ന്നൊരു മായിക ഭാവം തീര്‍ക്കുന്ന ഗ്രാമക്കാഴ്ച്ചകള്‍ പിന്നിലേക്കോടി മറയുന്നു. കാണക്കാണെ വയലേലകള്‍ തെങ്ങിന്‍ തോപ്പുകളായും കുറ്റിപ്പടര്‍പ്പുകളായും വള്ളിപ്പടര്‍പ്പുകളായും മാറി. ബുള്ളറ്റ് കാടുകയറാന്‍ തുടങ്ങി. മുത്തങ്ങയില്‍ സഞ്ചാരികളുടെ തിരക്കൊഴിഞ്ഞിരിക്കുന്നു.

ഇനിയങ്ങോട്ട് കര്‍ണാടകയാണ്. ബന്ദിപ്പൂര്‍ കാടിനു നടുവിലൂടെ. ദോഷം പറയരുതല്ലോ നല്ല കണ്ണാടി പോലത്തെ റോഡ്. അറിയാതെ തന്നെ ആക്‌സിലറേറ്ററിനോട് സ്‌നഹം കൂടുന്നു. അധികം സ്‌നേഹിക്കേണ്ടിവന്നില്ല മലപ്പടക്കം പോലെ ഹമ്പുകള്‍. കംഗാരു ചാടുന്നതു പോലെ രണ്ടു ചാട്ടം. അതോടെ ബുള്ളറ്റ് മര്യാദരാമനായി. വന്യജീവികള്‍ റോഡ് മുറിച്ചു കടക്കാന്‍ ഇടയുള്ളതിനാല്‍ ഒരോ കിലോമീറ്റര്‍ ഇടവിട്ട് ഹമ്പുകളാണ്.

ആനപ്പുറം പോലൊരു ഹമ്പ് ചാടി, കുറച്ച് മുന്നോട്ട് പോയതെയുള്ളു, അതാ ഒരാനക്കൂട്ടം ഗ്രീന്‍ സിഗ്നല്‍ കാത്ത് കാടിനോരത്ത് നില്‍ക്കുന്നു. രണ്ടു കുട്ടിയാനകളും രണ്ട് പിടിയാനകളും കുറച്ചു മാറി ഒരു കുട്ടിക്കൊമ്പനും. ആനക്കൂട്ടം ആകപ്പാടെ കണ്‍ഫ്യൂഷനിലാണ് റോഡ് മുറിച്ചു കടക്കണോ വേണ്ടയോ എന്ന ചിന്തയില്‍ മുന്നോട്ടും പിന്നോട്ടും ആയുന്നുണ്ട്. അവരെ അധികം ശല്യപ്പെടുത്താതെ ബൈക്ക് വിട്ടു.


Go to Pages »
1| 2 |

അഭിപ്രായമെഴുതുന്നവര്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍:
അസഭ്യങ്ങളും അധിക്ഷേപങ്ങളും പാടേ നിരസിക്കും. ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ വേണം അഭിപ്രായം. മംഗ്ലീഷ് വേണ്ട. മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടുത്താം.
http://whos.amung.us/stats/readers/ufx72qy9661j/