തട്ടക ദേശങ്ങള്‍ ഒരുങ്ങി; അന്തിമഹാകാളന്‍ കാവ് വേലയ്ക്ക് ശനിയാഴ്ച കൂറയിടും

Posted on: 20 Mar 2015ചേലക്കര: മദ്ധ്യകേരളത്തില്‍ പൊയ്കാളവേലയ്ക്കും വെടിക്കെട്ടിനും പ്രസിദ്ധമായ അന്തിമഹാകാളന്‍ കാവ് വേലയ്ക്ക് ശനിയാഴ്ച കൂറയിടും. ഓരോ വര്‍ഷവും തെക്കുംകൂര്‍ വേലയെന്നും വടക്കുംകൂര്‍ വേലയെന്നും മാറി മാറിയാണ് വേല ആഘോഷിക്കുക. തെക്കുംകൂര്‍ വേലയ്ക്ക് മല്ലിശ്ശേരിക്കാവിലും വടക്കുംകൂര്‍ വേലയ്ക്ക് കടുകശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിലുമാണ് വേല ആഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള കൂറയിടല്‍ ചടങ്ങുകള്‍ നടക്കുന്നത്. മീന മാസത്തിലെ ആദ്യത്തെ ശനിയാഴ്ച കൂറയിടല്‍ ചടങ്ങും രണ്ടാമത്തെ ശനിയാഴ്ച വേല ആഘോഷവും നടക്കുക. ഇത്തവണ വടക്കുംകൂര്‍ വേലയായതിനാല്‍ കടുകശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിലാണ് കൂറയിടല്‍ ചടങ്ങ് നടക്കുന്നത്. 64 കാലുള്ള പ്രത്യേക പന്തലിലാണ് കുറയിടുന്നത്. ഇവിടെ വേലനാള്‍ വരെ അന്തിമഹാകാളന്റേയും കാളി-ദാരികന്റേയും രൂപക്കളങ്ങള്‍ തീര്‍ത്ത് കാളി-ദാരിക വധം പാട്ടും കളംമായ്ക്കലും നടന്നുകൊണ്ടിരിക്കുന്നു. കല്ലാറ്റ് കുറുപ്പന്‍മാരാണ് കളമെഴുത്ത് പാട്ടിന്റെ അവകാശികള്‍. മാര്‍ച്ച് 28നാണ് വേല ആഘോഷിക്കുന്നത്. ചേലക്കര (പുലാക്കോട്-കോളത്തൂര്‍)ദേശം, പങ്ങാരപ്പിള്ളി ദേശം, വെങ്ങാനെല്ലൂര്‍-ചേലക്കോട് ദേശം, തോന്നൂര്‍ക്കര ദേശം, കുറുമല ദേശം എന്നിവരാണ് വേലയുടെ പ്രധാനപങ്കാളികള്‍.


More News from Thrissur