പുതിയ പ്രതീക്ഷകളുമായി മാമം നാളികേര കോംപ്ലക്സ്
Posted on: 16 Sep 2015
ആറ്റിങ്ങല്‍: ആറ്റിങ്ങലിന് പുതിയ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട് മാമം നാളികേര കോംപ്ലക്സ് ബുധനാഴ്ച തുറക്കുന്നു. നാളികേര വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള മാമം കോംപ്ലക്സ് പതിറ്റാണ്ടുകളായി അടഞ്ഞുകിടക്കുകയായിരുന്നു. കോര്പ്പറേഷന് 2014 ല്‍ പുനരുജ്ജീവിപ്പിച്ചതോടെയാണ് കോംപ്ലക്സ് തുറക്കുമെന്ന പ്രതീക്ഷയുയര്‍ന്നത്.
കൃഷിവകുപ്പ് മന്ത്രി കെ.പി. മോഹനന് പ്രത്യേക താല്പര്യമെടുത്താണ് മാമം കോംപ്ലക്സ് തുറക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കിയത്. ബി. സത്യന് എം.എല്‍.എ. നടത്തിയ ഇടപെടലുകളും നടപടികള്‍ക്ക് കരുത്ത് പകര്‍ന്നു. കോംപ്ലക്സിനെക്കുറിച്ച് ഇക്കഴിഞ്ഞ ജൂലായില്‍ മാതൃഭൂമി 'മണ്ഡരിവീണ നാളികേര കോംപ്ലക്സ്' എന്ന പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. കോംപ്ലക്സ് തുറക്കാനുള്ള നടപടികള്‍ക്ക് ഇത് വേഗംപകര്‍ന്നു.
ബുധനാഴ്ച വൈകീട്ട് 5 ന് കൃഷിവകുപ്പ് മന്ത്രി കെ.പി. മോഹനന് കോംപ്ലക്സിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യും. ബി.സത്യന് എം.എല്‍. എ. ആധ്യക്ഷ്യം വഹിക്കും. ഉരുക്ക് വെളിച്ചെണ്ണ നിര്മ്മാണപ്ലാന്റാണ് ഇപ്പോള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. തേങ്ങാപ്പാലില്‍ നിന്നാണ് ഉരുക്ക് വെളിച്ചെണ്ണയുണ്ടാക്കുന്നത്. കൊഴുപ്പ് കുറഞ്ഞ ഈ എണ്ണയ്ക്ക് വിദേശരാജ്യങ്ങളിലുള്‍പ്പെടെ വന്‍ഡിമാന്റുണ്ട്. 200, 500 എം. എല്‍. കുപ്പികളിലാക്കിയാണ് ഇവ വില്‍ക്കുക. കയറ്റി അയയ്ക്കാനും പദ്ധതിയുണ്ട്. പ്രതിദിനം 25,000 നാളികേരം ഉപയോഗിച്ച് ഉരുക്ക് വെളിച്ചെണ്ണ നിര്‍മ്മിക്കും. കോംപ്ലക്സ് പുനരുജ്ജീവിപ്പിക്കുന്നതിന് 11 കോടിയുടെ പദ്ധതിയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചതെങ്കിലും രണ്ട് കോടിയാണ് അനുവദിച്ചത്. ഇതുപയോഗിച്ചാണ് ഉരുക്ക് വെളിച്ചെണ്ണ യൂണിറ്റ് ആരംഭിക്കുന്നത്.
ഇവിടെനിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വൈകാതെ വിപണിയിലെത്തും. തേങ്ങാവെള്ളം സംസ്കരിച്ച് ലഘുപാനീയമാക്കി കുപ്പികളില്‍ വിപണിയിലെത്തിക്കും. മധുരപാനീയങ്ങള്‍, വിനാഗിരി തുടങ്ങിയവയും ഉത്പാദിപ്പിക്കാന്‍ പദ്ധതിയുണ്ട്. ചിരട്ടപ്പൊടി യൂണിറ്റും ആരംഭിക്കും.
തെക്കന്‍ മേഖലയില്‍ നീരയുടെ പ്രധാന ഉത്പാദന കേന്ദ്രം മാമം കോംപ്ലക്സായിരിക്കും. നീരയുടെ രണ്ടാംഘട്ട യൂണിറ്റുകളുടെ ആദ്യ ഉദ്ഘാടനം ആറ് മാസത്തിനുള്ളില്‍ ആറ്റിങ്ങലില്‍ നടക്കും.