നവരാത്രി എഴുന്നള്ളത്ത് ഒക്ടോബര്‍ 11ന്
Posted on: 14 Sep 2015
തിരുവനന്തപുരം: തിരുവിതാംകൂറിന്റെ പുരാതന രാജധാനിയില്‍ നിന്നും അനന്തപുരിയിലെ പൂജവെയ്പിനുള്ള നവരാത്രി വിഗ്രഹങ്ങളുടെ ഘോഷയാത്ര പദ്മനാഭപുരം കൊട്ടാരത്തില്‍ നിന്നും ഒക്ടോബര്‍ 11ന് തുടങ്ങും.
കൊട്ടാരവളപ്പിലെ തേവാരക്കെട്ട് സരസ്വതി ദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റി നങ്ക എന്നീ ദേവവിഗ്രഹങ്ങളാണ് എഴുന്നള്ളിക്കുന്നത്. ഘോഷയാത്രയ്ക്ക് മുന്നോടിയായി പദ്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയില്‍ ഉടവാള് കൈമാറ്റം നടക്കും. കേരള പുരാവസ്തുവകുപ്പ്, തമിഴ്നാട് ദേവസ്വം അധികൃതര്‍ക്ക് കൈമാറുന്ന ഉടവാള് ഘോഷയാത്രയില്‍ രാജാവിനെ പ്രതിനിധീകരിച്ച് അകമ്പടിയായി കൊണ്ടുപോകും. പല്ലക്കിലും ആനപ്പുറത്തും എഴുന്നള്ളിക്കുന്ന വിഗ്രഹങ്ങള്‍ക്ക് ആദ്യദിവസം കുഴിത്തുറ മഹാദേവക്ഷേത്രത്തില്‍ ഇറക്കിപ്പൂജ നടത്തും.
12ന് രാവിലെ ജില്ലാതിര്‍ത്തിയായ കളിയിക്കാവിളയില്‍ എത്തുന്ന ഘോഷയാത്രയ്ക്ക് കേരള റവന്യൂ, പോലീസ്, ദേവസ്വം എന്നീ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ വരവേല്‍പ്പ് നല്‍കും. 12ന് രാത്രി നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് ഇറക്കിപ്പൂജ. 13ന് രാവിലെ നെയ്യാറ്റിന്‍കരയില്‍നിന്ന് പുറപ്പെടുന്ന വിഗ്രഹഘോഷയാത്ര ഉച്ചയ്ക്ക് കരമനയിലെത്തും. അവിടെ നിന്ന് വേളിമല കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്താണ് എഴുന്നള്ളിക്കുന്നത്. വൈകീട്ട് കിള്ളിപ്പാലത്തു നിന്നും ചാല വഴി കിഴക്കേകോട്ടയിലേക്കുള്ള എഴുന്നള്ളത്തിന് കമനീയമായ വരവേല്‍പ്പ് നല്‍കും.
ഘോഷയാത്രയില്‍ കൊണ്ടുവരുന്ന ഉടവാള് കിഴക്കേകോട്ടയില്‍ രാജപ്രതിനിധിക്ക് കൈമാറും. സരസ്വതി ദേവിയെ കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിലും വേളിമല കുമാരസ്വാമിയെ ആര്യശാല ക്ഷേത്രത്തിലും മുന്നൂറ്റി നങ്കയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. 14 ന് നവരാത്രി പൂജ ആരംഭിക്കും.
നവരാത്രി എഴുന്നള്ളത്തിന്റെ ക്രമീകരണം, ഉടവാള് കൈമാറ്റം എന്നിവ സംബന്ധിച്ച് തമിഴ്നാട് ദേവസ്വം അധികൃതരുമായി മന്ത്രി രമേശ് ചെന്നിത്തല ചര്‍ച്ച നടത്തിയിരുന്നു. ഘോഷയാത്രയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.