ഇനി ആറ്റിങ്ങലിന് പഴയതുപോലെ വെളിച്ചെണ്ണമണം
Posted on: 14 Sep 2015
ആറ്റിങ്ങല്‍: ആറ്റിങ്ങലിന്റെ മണം മടങ്ങിവരുന്നു. മാമത്ത് നാളികേര കോംപ്ലക്സിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതോടെയാണിത്. 22 വര്‍ഷം മുമ്പ് പൂട്ടിപ്പോയ നാളീകേര കോംപ്ലക്സ് ബുധനാഴ്ച തുറക്കും.
ചക്കിലാടിവരുന്ന വെളിച്ചെണ്ണയില്‍ നിന്നൊഴുകിപരക്കുന്ന മണം ആറ്റിങ്ങലിന് സമ്മാനിച്ചത് മാമം നാളികേര കോംപ്ലക്സായിരുന്നു.
അടച്ചുപൂട്ടും മുമ്പ് മാമം നാളികേര കോംപ്ലക്സില്‍ നിന്ന് പ്രദേശമാകെ വ്യാപിച്ചിരുന്ന വെളിച്ചെണ്ണയുടെ മണം ഇതുവഴി കടന്നുപോയിട്ടുള്ള എല്ലാവരുടെയും മനസ്സില്‍ എന്നും തങ്ങി നില്‍ക്കുന്നതാണ്. പഴയ പ്രൗഢിയോടെയല്ലെങ്കിലും മാറിയ കാലത്തിനനുസരിച്ച ഉത്പന്നങ്ങളുടെ നിര്‍മാണ യൂണിറ്റാണിവിടെ ആരംഭിക്കുന്നത്.
വെളിച്ചെണ്ണയുത്പാദന യൂണിറ്റിന് ഇപ്പോള്‍ സാദ്ധ്യതകള്‍ കുറവായതിനാല്‍ മറ്റ് ഉത്പന്നങ്ങളുടെ ഉത്പാദനത്തിലൂന്നിയാണ് പ്രവര്‍ത്തനം. ആറ്റിങ്ങലിന്റെ അന്തരീക്ഷത്തില്‍ എണ്ണയുടെ മണം പരക്കുന്നത് ആസ്വദിക്കാന്‍ കാത്തിരിക്കുകയാണ് നാട്ടുകാര്‍.