മൂല്യവര്‍ധിത ഉത്പന്നങ്ങളുമായി വീണ്ടും
Posted on: 14 Sep 2015
ആറ്റിങ്ങല്‍: മാമം നാളികേര കോംപ്ലക്സില്‍നിന്ന് മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനാണ് പദ്ധതിയെന്ന് കോര്പ്പറേഷന് എം.ഡി. അശോക് കുമാര്‍ തെക്കന്‍ മാതൃഭൂമിയോട് പറഞ്ഞു. ഉരുക്ക് വെളിച്ചെണ്ണ (വെര്‍ജിന്‍ കോക്കനട്ട് ഓയില്‍) ഉത്പാദിപ്പിക്കുന്ന യൂണിറ്റാണ് ബുധനാഴ്ച ഉദ്ഘാടനം ചെയ്യുക. ഇതിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനൊപ്പം മറ്റ് വസ്തുക്കളുടെ നിര്‍മ്മാണ യൂണിറ്റുകളും തുടങ്ങും.
മാമത്തെ കോംപ്ലക്സ് പുനരുജ്ജീവിപ്പിക്കുന്നതിന് 11 കോടിയുടെ പദ്ധതിയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. രണ്ട് കോടിയാണ് ലഭിച്ചത്. ഇതുപയോഗിച്ചാണ് ഉരുക്ക് വെളിച്ചെണ്ണ യൂണിറ്റ് ആരംഭിക്കുന്നത്. തേങ്ങാപ്പാലില്‍ നിന്നാണ് ഉരുക്ക് വെളിച്ചെണ്ണയുണ്ടാക്കുന്നത്. കൊഴുപ്പ് കുറഞ്ഞ ഈ എണ്ണയ്ക്ക് വിദേശരാജ്യങ്ങളിലുള്‍പ്പെടെ വന്‍ഡിമാന്റുണ്ട്. 200, 500 എം.എല്‍. കുപ്പികളിലാക്കിയാണ് ഇവ വില്‍ക്കുക. കയറ്റി അയയ്ക്കാനും പദ്ധതിയുണ്ട്. പ്രതിദിനം 25,000 നാളികേരം ഉപയോഗിച്ച് ഉരുക്ക് വെളിച്ചെണ്ണ നിര്‍മ്മിക്കും.
തേങ്ങാവെള്ളം സംസ്കരിച്ച് ലഘുപാനീയമാക്കി കുപ്പികളിലാക്കി വിപണിയിലെത്തിക്കും. അതുപോലെ മധുരപാനീയങ്ങള്‍, വിനാഗിരി തുടങ്ങിയവയും ഉത്പാദിപ്പിക്കാന്‍ പദ്ധതിയുണ്ട്. ചിരട്ടപ്പൊടി യൂണിറ്റും ആരംഭിക്കും.
തെക്കന്‍ദിക്കില്‍ നീരയുടെ പ്രധാന ഉത്പാദനകേന്ദ്രം മാമം കോംപ്ലക്സായിരിക്കും. നീരയുടെ രണ്ടാംഘട്ട യൂണിറ്റുകളുടെ ആദ്യ ഉദ്ഘാടനം ആറ് മാസത്തിനുള്ളില്‍ ആറ്റിങ്ങലില്‍ നടക്കും. തേങ്ങയില്‍ നിന്ന് എടുക്കാവുന്ന എല്ലാ വിഭവങ്ങളും മാമം കോംപ്ലക്സില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങളായി പുറത്തുവരുമെന്നും എം.ഡി. വ്യക്തമാക്കി.