മാമം നാളികേര കോംപ്ലക്സ് ബുധനാഴ്ച തുറക്കും
Posted on: 14 Sep 2015
ആറ്റിങ്ങല്‍: ഇരുപത് വര്‍ഷത്തിലധികമായി പൂട്ടിക്കിടക്കുന്ന മാമം നാളികേര കോംപ്ലക്സ് ബുധനാഴ്ച തുറക്കും. വൈകീട്ട് 5 ന് നാളികേര കോംപ്ലക്സില്‍ നടക്കുന്ന യോഗത്തില്‍ മന്ത്രി കെ.പി. മോഹനന് കോംപ്ലക്സിന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തും.
അടഞ്ഞുകിടക്കുന്ന കോംപ്ലക്സിനെക്കുറിച്ച് 'മാതൃഭൂമി' ഇക്കഴിഞ്ഞ ജൂലായ് മാസത്തില്‍ 'മണ്ഡരിവീണ നാളികേര കോംപ്ലക്സ്' എന്ന പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. കോംപ്ലക്സ് തുറക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ഇതോടെ ഊര്‍ജ്ജിതമാകുകയും കോംപ്ലക്സിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തു.
ആറ്റിങ്ങലിന്റെ എം.എല്‍.എ. ആയിരുന്ന വക്കം പുരുഷോത്തമന് കൃഷിവകുപ്പ് മന്ത്രിയായിരുന്ന 1977 ലാണ് നാളികേര വികസന കോര്‍പ്പറേഷന്റെ കീഴില്‍ മാമത്ത് നാളികേര കോംപ്ലക്സ് അനുവദിക്കുന്നത്. 1980 ല്‍ കോംപ്ലക്സ് പ്രവര്‍ത്തനംതുടങ്ങി. പ്രദേശവാസികളായ ധാരാളം പേര്‍ക്ക് തൊഴില്‍ ലഭിച്ചു.
തൊഴില്‍ പ്രശ്നങ്ങളായിരുന്നില്ല കോംപ്ലക്സിന് താഴിട്ടത്. മറിച്ച് ദീര്‍ഘവീക്ഷണമില്ലാതെ നടത്തിയ ഇടപാടുകളും അനധികൃത നിയമനങ്ങളും കോര്‍പ്പറേഷനെയും കോംപ്ലക്സിനെയും വട്ടംചുറ്റിച്ചു. 1983 വരെ വന്‍ലാഭമാണ് മാമത്തെ കോംപ്ലക്സ് കോര്പ്പറേഷന് ഉണ്ടാക്കിക്കൊടുത്തത്. ഇതിനോട് മത്സരിക്കാന്‍പോലും അന്ന് മാര്‍ക്കറ്റില്‍ മറ്റ് ബ്രാന്റുകളുണ്ടായിരുന്നില്ല. എന്നിട്ടും കോര്‍പ്പറേഷനെ നന്നായി കൊണ്ടുപോകാന്‍ അധികൃതര്‍ക്കായില്ല. ഇവിടെനിന്ന് വെളിച്ചെണ്ണ കയറ്റിപ്പോയ ലോറി കാണാതായ സംഭവം വരെയുണ്ട്. 1984 ല്‍ പ്രവര്‍ത്തനം താറുമാറായി. പിന്നീട് 1989 മുതല്‍ കേരഫെഡിന് കൂലിക്ക് കൊപ്ര ആട്ടുന്നതിന് കോംപ്ലക്സ് വിട്ടുകൊടുത്തു. 1992 ല്‍ കരുനാഗപ്പള്ളിയില്‍ കേരഫെഡിന് മില്ല് വന്നതോടെ അതുംനിലച്ചു. കോംപ്ലക്സിന് താഴുവീണു.
പിന്നീട് മാറിമാറി വന്ന സര്‍ക്കാരുകള്‍ കോംപ്ലക്സ് തുറക്കാന്‍ യാതൊന്നും ചെയ്തില്ല. കഴിഞ്ഞ എല്‍.ഡി. എഫ്. സര്‍ക്കാരിന്റെ കാലത്ത് കോംപ്ലക്സ് തുറക്കാന്‍ ചില ശ്രമങ്ങളുണ്ടായി. കേരളാ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സഹകരണത്തോടെ തെങ്ങിന്‍തടി സംസ്കരണ യൂണിറ്റ് ആരംഭിക്കാനായിരുന്നു പദ്ധതി. ഇതിനായി 2010 മെയ് 31 ന് സ്ഥാപിച്ച കല്ല് സ്മാരകമായി കോംപ്ലക്സിനുള്ളിലുണ്ട്. പദ്ധതി നടപ്പാക്കാനായില്ല.
നാളികേര വികസന കോര്പ്പറേഷന് പിരിച്ചുവിടാന്‍ ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ആസ്തിബാധ്യതകളുടെ കണക്കെടുത്തപ്പോള്‍ കോര്‍പ്പറേഷന്റെ ആസ്തി നഷ്ടത്തിന്റെ പതിന്മടങ്ങുണ്ടെന്ന് ബോദ്ധ്യപ്പെട്ടു. ആറ്റിങ്ങലിലും കോഴിക്കോട്ടും ഇടപ്പള്ളിയിലും കോര്‍പ്പറേഷന്റെ കൈവശമുള്ള ഭൂമിയാണ് കോര്പ്പറേഷന് തുണയായത്. ഉയര്‍ന്ന ആസ്തി പിരിച്ചുവിടലിന് വിലങ്ങുതടിയായി. അതോടെ കോര്പ്പറേഷന് പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
പൂട്ടിക്കിടന്ന കോംപ്ലക്സ് ഇപ്പോള്‍ തുറക്കുന്നതിന് പിന്നില്‍ വലിയ അദ്ധ്വാനം വേണ്ടിവന്നിട്ടുണ്ട്. 1992 ലാണ് കോംപ്ലക്സിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നത്. അന്നുമുതലുള്ള വൈദ്യുതി, വെള്ളക്കരം കുടിശ്ശിക എന്നിവ വലിയ തുകയായി വളര്‍ന്നിരുന്നു. വൈദ്യുതിവാടക 70 ലക്ഷം രൂപയും വെള്ളക്കരം 22 ലക്ഷം രൂപയും കുടിശ്ശിക ഒടുക്കണമായിരുന്നു. ഇത് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിപ്രകാരം 27 ലക്ഷം രൂപ വൈദ്യുതി വാടക ഇനത്തിലും ആറ് ലക്ഷം രൂപ വെള്ളക്കരം ഇനത്തിലും ഒടുക്കി നടപടികള്‍ തീര്‍പ്പാക്കി.
മാമത്ത് ഉരുക്ക് വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാന്‍ പദ്ധതിയിട്ട സര്‍ക്കാര്‍ ഇതിനായി രണ്ട് കോടി രൂപ കോര്പ്പറേഷന് നല്കി. ഇതില്‍നിന്ന് 1.44 കോടി ചെലവിട്ട് ഉരുക്ക് വെളിച്ചെണ്ണ പ്ലാന്റ് സ്ഥാപിച്ചു. കെട്ടിടങ്ങളുടെ നവീകരണത്തിനായി 25 ലക്ഷത്തോളം രൂപ ചെലവിട്ടു. എന്നാല്‍ നടപടികള്‍ അനന്തമായി നീളാന്‍ തുടങ്ങി.
'മാതൃഭൂമി' പരമ്പര പ്രസിദ്ധീകരിച്ചതോടെ അധികൃതര്‍ ഉണര്‍ന്നു. ബി.സത്യന് എം.എല്‍.എ. നിയമസഭയില്‍ ഇത് സംബന്ധിച്ച് സബ്മിഷന് ഉന്നയിച്ചു. ആഗസ്തില്‍ കോംപ്ലക്സ് തുറക്കുമെന്ന് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഇതോടെ നടപടികള്‍ വേഗത്തിലാവുകയായിരുന്നു.
02
പ്രവര്‍ത്തനം തുടങ്ങാന്‍വേണ്ടി സജ്ജമാക്കിയ നാളികേര കോംപ്ലക്സിന്റെ കവാടം