ചിറയിന്‍കീഴ്:ഞായറാഴ്ച ആയിരങ്ങളാണ് പെരുമാതുറ പാലത്തിലെത്തിയത്.പാലത്തില്‍ നിന്നും കടല്‍,കായല്‍ കാഴ്ച കാണുന്നതിനും പുതിയ ബീച്ചില്‍ ഉല്ലസിക്കുന്നതിനും വേണ്ടിയായിരുന്നു ഇത്. ഇപ്പോള്‍ അവധി ദിവസങ്ങളില്‍ വന്‍ തിരക്കാണ് ഇവിടെ .
ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും കുടുംബങ്ങള്‍ അവധി ആഘോഷിക്കാന്‍ എത്തുന്നു.പാലത്തിന്റെ മുകള്‍ ഭാഗത്ത് നിന്ന് ഒരു വശത്ത് പരന്ന് കിടക്കുന്ന കടലും മറുവശത്തെ അഞ്ചുതെങ്ങ് കായലും കാണാനാണ് തിരക്കേറെയും. പെരുമാതുറയില്‍ നിന്നുള്ളഅസ്തമയ ദൃശ്യം മനോഹരമാണെന്നു ഇവിടെ എത്തുന്നവര്‍ പറയുന്നു.പാലത്തില്‍ രാപകിലില്ലാതെ വാഹനത്തിരക്കാണ്.താഴംപള്ളി ,പെരുമാതുറ ഭാഗത്തെ ജനങ്ങളുടെ ജീവിതത്തെ പാലം മാറ്റിത്തുടങ്ങിയതായി താഴംപള്ളിസ്വദേശി ആന്റണി ചൂണ്ടിക്കാട്ടി. ഞായറാഴ്ച ബീച്ചിലും വന്‍ തിരക്കായിരുന്നു.
യുവാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ കടലില്‍ കുളിക്കാനെത്തുന്നു.എന്നാല്‍ ലൈഫ് ഗാര്‍ഡോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇവിടെയില്ലാത്തത് സഞ്ചാരികള്‍ക്ക് ഭീഷണിയാകുന്നു. പാലത്തില്‍ വൈദ്യുത വിളക്ക് സ്ഥാപിക്കാത്തതും തിരിച്ചടിയാവുകയാണ്.രാത്രയായാല് പാലത്തിലൂടെ നടക്കാന്‍പോലും പറ്റുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.പാലത്തിലൂടെയുള്ള യാത്രക്കാരെ കേന്ദ്രീകരിച്ച് ചെറിയ വ്യാപാരങ്ങള്‍ പ്രദേശവാസികള്‍ തുടങ്ങിയിട്ടുണ്ട്.ഇത് പലര്‍ക്കും ചെറിയ വരുമാന മാര്ഗ്ഗവുമായിക്കഴിഞ്ഞിട്ടുണ്ട്.സെപ്തംബര്‍ ഒമ്പതിനാണ് പെരുമാതുറ പാലം തുറന്നത്.തീരവീസികളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു പെരുമാതുറ പാലം.തീരത്തിന്റെ വിനോദസഞ്ചാര വികസനത്തിലും,വ്യവസായ വികസനത്തിനും ഈ പാത കുതിപ്പേകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.പാലത്തില്‍ എത്തുന്ന സഞ്ചാരികളുടെ തിരക്ക് ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പാലവും തീരവും സഞ്ചാരികള്‍ ഏറ്റെടുത്തുവെന്നതിന്റെ തെളിവാവുകയാണ് . ഇത് പരിഗണിച്ച് കൂടുതല്‍ ടൂറിസം പദ്ധതികള്‍ ഇവിടെ നടപ്പാക്കേണ്ടതാണെന്ന സൂചനയും തരുന്നു.