ലവ് പ്ലാസ്റ്റിക്-ക്ലീന്‍ കഴക്കൂട്ടം പദ്ധതിക്ക് തുടക്കമായി
Posted on: 14 Sep 2015
കഴക്കൂട്ടം: ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി കഴക്കൂട്ടം റോട്ടറി ക്ലബ്ബിന്റെയും ഇടവിളാകം യു.പി.എസ്. സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ലവ് പ്ലാസ്റ്റിക്-ക്ലീന്‍ കഴക്കൂട്ടം പദ്ധതിക്ക് തുടക്കമായി.
പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷനുകളും വിദ്യാലയങ്ങളും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കഴക്കൂട്ടം വ്യാപാരി-വ്യവസായി സമിതിയും പദ്ധതിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. കഴക്കൂട്ടം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികളും പേപ്പര്‍, തുണിബാഗ് നിര്‍മാണ യൂണിറ്റുകളും പ്രവര്‍ത്തിക്കും. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് കവറുകള്‍ ഒഴിവാക്കും.
പ്ലാസ്റ്റിക് മാലിന്യ ശേഖരണ ഉദ്ഘാടനം മമത നഗര്‍ റസിഡന്റ്സ് അസോസിയേഷനില്‍ നടന്ന ചടങ്ങില്‍ നഗരസഭാ കൗണ്‍സിലര്‍ ശ്രീലേഖ നിര്‍വഹിച്ചു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അഡ്വ. മീനാകുമാരന്‍ നായര്‍, കവി കാര്യവട്ടം ശ്രീകണ്ഠന് നായര്‍, ഫ്രാക്ക് പ്രസിഡന്റ് ഡോ. എ.പി.എസ്.നായര്‍, മമത നഗര്‍ റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളായ അഡ്വ. കെ.എസ്.രാമചന്ദ്രന് നായര്‍, ഷൈന്‍, എ.സത്താര്‍, ജോതിസ് സെന്‍ട്രല്‍ സ്കൂള്‍ ചെയര്മാന് ജോതിസ് ചന്ദ്രന്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ പള്ളിപ്പുറം ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രണ്ടാഴ്ച കൊണ്ട് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സപ്തംബര്‍ 26ന് പുനരുപയോഗത്തിനായി തോന്നയ്ക്കല്‍ സായിഗ്രാമത്തിന് കൈമാറും.