തിരുവട്ടാര്‍: പൈതൃക ക്ഷേത്രനഗരി
Posted on: 14 Sep 2015
മാര്‍ത്താണ്ഡം- കുലശേഖരം റോഡില്‍ സ്ഥിതിചെയ്യുന്ന തിരുവട്ടാറിനെ പുരാതന നഗരമായി തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച് ഒരു വര്‍ഷത്തോളമായി. തിരുവട്ടാറിന്റെ പെരുമയും ചരിത്രവും ദേശനാഥന് ആദികേശവനുമായി ബന്ധപ്പെട്ടുള്ളതാണ്. പ്രധാന റോഡില്‍ നിന്ന് അല്പം മറിയാണ് ത്രേതായുഗത്തില്‍ രൂപംകൊണ്ടതായി ചരിത്രകാരന്മാര് പറയുന്ന തിരുവട്ടാര്‍ ആദികേശവ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് രചിച്ച തമിഴ് സംഘകാവ്യങ്ങളില്‍ പുറനാന്നൂറ് എന്ന കൃതിയില്‍ തിരുവട്ടാറിനെ കുറിച്ചും ആദികേശവനെക്കുറിച്ചും പരാമര്‍ശമുണ്ട്. 18-ാം നൂറ്റാണ്ടിലെ കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കൃതികളിലും തിരുവട്ടാര്‍ ക്ഷേത്രത്തെക്കുറിച്ച് പറയുന്നുണ്ട്.
പൂജാ രീതികളിലും പുരാണ പ്രശസ്തിയിലും വേറിട്ടു നില്ക്കുന്ന ആദികേശവ ക്ഷേത്രം തിരുവട്ടാറിനെ പല ചരിത്ര സംഭവങ്ങള്‍ക്കും വേദിയാക്കി. പറളിയും കോതയും ആറുകള്‍ ക്ഷേത്രത്തെ വലംെവച്ച് മുന്നാറ്റുമുഖത്ത് സംഗമിക്കുന്നു. വട്ടത്തില്‍ ആറുള്ള സ്ഥലം തിരുവട്ടാറായെന്നാണ് സ്ഥലനാമപ്പെരുമ. തിരുവട്ടാറിന് വേണാട്, തിരുവിതാംകൂര്‍ രാജാക്കന്മാരുമായി കൂടുതല്‍ ബന്ധം ഉണ്ടായതിനും ആദികേശവ ക്ഷേത്രം കാരണമായി. തിരുവട്ടാറിനോട് ചേര്‍ന്ന അരുവിക്കര ഭാഗത്ത് എത്തുമ്പോള്‍ പടര്‍ന്ന് പിരിഞ്ഞ പാറക്കെട്ടുകള്‍ക്ക് ഇടയിലൂടെ വെള്ളിച്ചാലുകളായി ഒഴുകുന്ന പറളിയാറും അരികിലെ പഞ്ചകന്യകാ ക്ഷേത്രവും ഉള്‍പ്പെടെയുള്ള ദൃശ്യഭംഗി അനന്യമാണ്.
തിരുവട്ടാര്‍ ബസ്സ്റ്റാന്‍ഡിന് അരികിലൂടെയാണ് ആദികേശവ ക്ഷേത്രത്തിലേക്കുള്ള വഴി. പേരിന് ബസ്സ്റ്റാന്‍ഡ് എന്ന് പറയാമെങ്കിലും ക്ഷേത്രനഗരിയുടെ പെരുമകള്‍ ഒന്നുമില്ലാതെ ദയനീയ അവസ്ഥയിലാണ്. വേണാട് ഭരിച്ചിരുന്ന ആദിത്യവര്‍മ എന്ന രാജാവ് നാടുനീങ്ങിയത് തിരുവട്ടാറില്‍ െവച്ചാണെന്നും രാജാവിന്റെ അന്ത്യാഭിലാഷം കണക്കിലെടുത്ത് മൃതദേഹം തിരുവട്ടാറില്‍ തന്നെ സംസ്കരിച്ചതായും ചരിത്രമുണ്ട്. രാജാവിന്റെ മൃതദേഹം സംസ്കരിച്ചതും തിരുവട്ടാര്‍ അമ്മവീടിന്റെ ശ്മശാനവുമായ ഭാഗമാണ് ഇന്ന് ബസ്സ്റ്റാന്‍ഡായി ഉപയോഗിക്കുന്ന സ്ഥലം. മാര്‍ത്താണ്ഡത്തു നിന്ന് വരുമ്പോള്‍ പറളിയാറ്റില്‍ പുതിയപാലം നിര്‍മിച്ച് അതില്കൂടെയാണ് ഇപ്പോഴത്തെ ഗതാഗതം. പുതിയപാലത്തില്‍ അടുത്തായി ഒരു പഴയപാലം ഇന്നും സ്ഥിതിചെയ്യുന്നു. ശ്രീമൂലം തിരുനാളിന്റെ കാലത്ത് നിര്‍മിച്ച ഈ പാലം വര്‍ഷങ്ങളായി ഗതാഗതത്തിന് പ്രയോജനപ്പെടുത്തുന്നില്ലെങ്കിലും ചരിത്ര സ്മരണകള്‍ ഉണര്‍ത്തിക്കൊണ്ട് സ്മാരകമായി നിലനില്ക്കുന്നു. പുതിയ പാലം നിര്‍മാണത്തിനു ശേഷം പഴയപാലം തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നിര്‍മാണ വൈദഗ്ധ്യം കൊണ്ട് ശ്രമം നിഷ്ഫലമായി എന്നാണ് നാട്ടുകാര്‍ പറയുന്നത്.
ശ്രീമൂലം തിരുനാള്‍ പാലം നിര്മിക്കുന്നതിനുണ്ടായ കാരണവും തിരുവട്ടാറിന്റെ ചരിത്രത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. തിരുവട്ടാര്‍ ക്ഷേത്രത്തിലും പരിസരപ്രദേശങ്ങളിലും ശ്രീമൂലം തിരുനാള്‍ കൂടുതല്‍ ബന്ധം പുലര്‍ത്തിയിരുന്നു. ഒഴിവു വേളകളില്‍ അദ്ദേഹം അരുവിക്കര ഭാഗത്ത് പറളിയാറ്റിന് കരയില്‍ വിശ്രമിച്ചിരുന്നതായും പറയപ്പെടുന്നു. ഒരുനാള്‍ രാജാവ് തിരുവട്ടാറിലായിരിക്കുമ്പോള് പറളിയാറ്റില്‍ അപ്രതീക്ഷിതമായി വെള്ളപ്പൊക്കമുണ്ടായി. ഇതു കണ്ട് ഭയന്ന രാജാവ്, തന്നെ ഉടന്‍ പദ്മനാഭപുരത്ത് എത്തിക്കാന്‍ ഉത്തരവിട്ടു. വളരെ ശ്രമപ്പെട്ട് മഹാരാജാവിനെ ഭടന്മാര് ആറ് കടത്തി പദ്മനാഭപുരത്ത് എത്തിച്ചു. തുടര്‍ന്നാണ് പറളിയാറ്റിന് കുറുകെ പാലം നിര്‍മിക്കാന്‍ നടപടിയുണ്ടായത്. തിരുവട്ടാറില്‍ നിന്ന് കുലശേഖരം പാതയില്‍ നീങ്ങുമ്പോള്‍ ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്ത് നിര്‍മിച്ച ഇംഗ്ലൂഷ് വിദ്യാലയം, പോലീസ് സ്റ്റേഷന് തുടങ്ങിയ കെട്ടിടങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഈ ഭാഗവും തിരുവട്ടാര്‍ എന്ന നാമത്തില്‍ തന്നെ ഇന്നും അറിയപ്പെടുന്നു.
കാങ്കറ കയറ്റം എന്ന് നാട്ടുകാര്‍ പറയുന്ന ഈ പ്രദേശത്തിനും നാമത്തിനും ഒരു ചരിത്രമുണ്ട്. വേണാട് ഉമയമ്മ റാണി ഭരിച്ചിരുന്ന കാലത്ത് മുകിലന്‍പട തിരുവട്ടാറിനെ ആക്രമിക്കാന്‍ എത്തി. മുകിലിന് പട താവളം ഇട്ട തിരുവട്ടാറിനടുത്തുള്ള പ്രദേശത്തെ ഇന്ന് മുകിലന്കര എന്നാണ് അറിയപ്പെടുന്നത്.
മുകിലന് പട ആക്രമണത്തിന് എത്തിയതിനാല്‍ ഉമയമ്മറാണി കോട്ടയം കേരളവര്‍മ രാജാവിനോട് സഹായം അഭ്യര്‍ഥിച്ചു. കവണേറില് മാത്രം പ്രഗത്ഭരായ നായര്‍ പട മൂലം മുകിലന് പടയെ നേരിടാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയ കേരളവര്‍മ രാജാവ് ആദികേശവനെ സ്തുതിച്ച് സഹായം അഭ്യര്‍ഥിച്ചു. ഈ സമയം ഖാന്‍സാഹിബിന്റെ നേതൃത്വത്തില്‍ മുകിലന്‍പട തിരുവട്ടാറില്‍ എത്തിയിരുന്നു. നായര്‍ ഭടന്റെ കവിണ് ഉന്നംതെറ്റി അരികിലെ മരത്തിലെ കടന്തല് കൂട്ടില്‍ പതിക്കുകയും കടന്തല് കൂട്ടം മുകിലന് പടയെ വിരട്ടി ഓടിക്കുകയും ചെയ്തു. കടന്തല് കുത്തി ഖാന്‍സാഹിബ് മരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ച സ്ഥലം ഇന്നും ഇവിടെ കാണാന്‍ കഴിയും. ഖാന് സാഹിബ് മരണപ്പെട്ട സ്ഥലമാണ് ഖാന്കര എന്നും പിന്നീട് കാങ്കറ എന്നും മാറിയത് എന്നത് ചരിത്രസത്യം.
മാര്‍ത്താണ്ഡവര്‍മ മഹാരാജാവുമായി ബന്ധപ്പെട്ടും പല ചരിത്രങ്ങള്‍ക്ക് തിരുവട്ടാര്‍ സാക്ഷിയായിട്ടുണ്ട്. സ്വാതിതിരുനാള്‍ തഞ്ചാവൂര്‍ നര്‍ത്തകി സുഗന്ധവല്ലിയെ തിരുവട്ടാറില്‍ പാര്‍പ്പിച്ചതായും പറയപ്പെടുന്നു. പ്രഗത്ഭരായ പല വ്യക്തികള്‍ക്കും ജന്മം നല്കിയ സ്ഥലം എന്ന പ്രശസ്തിയും തിരുവട്ടാറിനുണ്ട്. മഹാത്മാഗാന്ധി തിരുവട്ടാറില്‍ എത്തിയിട്ടുണ്ട്. തിരുവട്ടാര്‍ ആദികേശവ ക്ഷേത്രവും അതിനോടു ചേര്‍ന്ന തിരുവമ്പാടി ക്ഷേത്രവും മാത്രമല്ല നരസിംഹമൂര്‍ത്തി ക്ഷേത്രവും തളിയല്‍ മുത്താരമ്മന്‍ ക്ഷേത്രവും തിരുവിതാംകൂര്‍ രാജക്കാന്മാരുടെ കുലദൈവമായ കുലശേഖര ആഴ്വാര്ക്ഷേത്രവും പ്രസിദ്ധമായ മൂന്ന് ശിവക്ഷേത്രവുമുള്പ്പെടെ പത്തോളം ക്ഷേത്രങ്ങളും ഈ പൈതൃക ക്ഷേത്രനഗരിയില്‍ സ്ഥിതിചെയ്യുന്നു.