പണം അനുവദിച്ചിട്ടും ശാര്‍ക്കര- മഞ്ചാടിമൂട് ബൈപ്പാസ് പണി തുടങ്ങുന്നില്ല
Posted on: 13 Sep 2015
ചിറയിന്‍കീഴ്: അഴൂര്‍, ചിറയിന്‍കീഴ് നിവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമായ ശാര്‍ക്കര-മഞ്ചാടിമൂട് ബൈപ്പാസ് നിര്‍മ്മാണം അനിശ്ചിതത്വത്തില്‍. ഒന്നര മാസം മുമ്പ് ബൈപ്പാസ് നിര്‍മ്മാണ ചെലവിനായി സര്‍ക്കാര്‍ അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും കരാര്‍ നടപടികളിലേക്ക് കടക്കാനാകാതെ ബൈപ്പാസിന്റെ പണികള്‍ തുടങ്ങാന്‍ വൈകുകയാണ്.
നിര്‍മ്മാണ തുക അനുവദിച്ച സര്‍ക്കാര്‍ ബൈപ്പാസിന് ഭരണാനുമതിയും നല്കി. വി.ശശി എം.എല്‍.എ. യുടെ നേതൃത്വത്തില്‍ ബൈപ്പാസിനായി ഇടപെടല്‍ നടത്തിയിരുന്നു. ബൈപ്പാസ് നിര്‍മ്മാണം ഉടന്‍ വേണമെന്ന് കാട്ടി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ സമരവും നടത്തിയിരുന്നു. ഇതൊക്കെ പരിഗണിച്ചാണ് സര്‍ക്കാര്‍ പണം അനുവദിച്ചത്. നിലവില്‍ സാങ്കേതിക അനുമതി ലഭിച്ച പദ്ധതിക്ക് ഇനി കരാര്‍ ക്ഷണിച്ച് പണി തുടങ്ങുകയാണ് വേണ്ടത്.
15 മീറ്റര്‍ വീതിയിലും 780 മീറ്റര്‍ നീളത്തിലുമാണ് ബൈപ്പാസ് പണിയുന്നത്. ഇതില്‍ ബൈപ്പാസ് കടന്നുപോകുന്ന വഴിയില്‍ ശാര്‍ക്കര ആറിന് കുറുകെ ഒരു പാലവും ബൈപ്പാസിന്റെ ഭാഗമായി നിര്‍മ്മിക്കും. 6.55 കോടി രൂപയാണ് ആകെ ചെലവ്. ആദ്യ ഘട്ടമായാണ് പണം കിട്ടിയത്. ടാറിങ് ഒഴിച്ചുള്ള പണികള്‍ അഞ്ചുകോടി രൂപയ്ക്ക് നടത്തും. രണ്ടാംഘട്ടത്തില്‍ ബാക്കി പണി ചെയ്യാനാണ് ലക്ഷ്യം. ബൈപ്പാസിനായി ഇതിനോടകംതന്നെ സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു. ഈ സ്ഥലത്തെ കെട്ടിടങ്ങളും പൊളിച്ചു. പതിറ്റാണ്ടായി ചിറയിന്‍കീഴ് നിവാസികളുടെ ആവശ്യമാണ് ഈ ബൈപ്പാസ്. ഈ പാത വന്നാല്‍ ശാര്‍ക്കര, മഞ്ചാടിമൂട് എന്നീ രണ്ട് റെയില്‍വേ ഗേറ്റുകളിലെ മണിക്കൂറുകള്‍ നീളുന്ന കാത്തിരിപ്പ് ഒഴിവാക്കാനാകും. നിലവില്‍ അര കിലോമീറ്ററിനുള്ളിലാണ് ഈ ഗേറ്റുകള്‍ രണ്ടും.
ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് രോഗികളുമായി വരുന്ന വണ്ടികള്‍ ഉള്‍പ്പെടെയുള്ളവ മണിക്കൂറുകളാണ് ഗേറ്റിനുമുന്നില്‍ കുരുങ്ങിക്കിടക്കുന്നത്. ബൈപ്പാസ് വന്നാല്‍ കണിയാപുരം, അഴൂര്‍ ഭാഗങ്ങളില്‍ നിന്ന് ചിറയിന്‍കീഴിലേക്കും തിരിച്ചുമുള്ള യാത്ര എളുപ്പമാകും.