നൂറോളം മോഷണ കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍
Posted on: 13 Sep 2015
ചിറയിന്‍കീഴ്: നൂറോളം മോഷണ കേസില്‍ പ്രതികളായ രണ്ട് പേരെ ചിറയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തു. അന്തസ്സംസ്ഥാന മോഷ്ടാവ് പൂട രവി എന്നുവിളിക്കുന്ന വക്കം കായിക്കര തയ്യില്‍ രവീന്ദ്രന്( 58) ഇയാളുടെ കൂട്ടാളി വലിയ ഏലാ ഗുരുനാഗപ്പകാവ് വീട്ടില്‍ വിനോദ് (36) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് മാസം മുമ്പ് ചിറയിന്‍കീഴ് റയില്‍വേ സ്റ്റേഷന് സമിപത്തുള്ള പി.എസ്. മന്ദിരത്തില്‍ ശിവദാസന്റെ വീട്ടില്‍ ആളില്ലാതിരുന്ന ദിവസം അവിടെ കയറി താമസിച്ച് ഭക്ഷണം പാചകം ചെയ്തു കഴിച്ച ശേഷം മുറിക്കകത്തിരുന്ന ചെക്ക് മോഷ്ടിച്ച് 50,000 രൂപ തട്ടിയെടുത്തു. കല്ലമ്പലത്തെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ കൊണ്ടുപോയി മുരുകന് എന്നയാളും രവിയും കൂടിയാണ് ചെക്ക് മാറിയെടുത്ത് പണം തട്ടിയത്. ഈ കേസില്‍ നേരത്തേ മുരുകനെ പിടികൂടിയിരുന്നു. രവി ഒളിവിലായിരുന്നു.
പാരിപ്പള്ളി കടമ്പാട്ട് കോണത്ത് രാധാകൃഷ്ണ പിള്ളയുടെ വീട്ടില്‍ നിന്ന് മൊബൈല്‍, വാച്ചുകളും ആഭരണവും ഇവര്‍ കവര്‍ന്നു. ആഗസ്ത് മാസം 8ന് രാത്രിയായിരുന്നു സംഭവം. പാരിപ്പള്ളി എള്ളുവിളയില്‍ ദിലീപിന്റെ മോട്ടോര്‍ സൈക്കിള്‍ കൂട്ടുപ്രതിയായ വിനോദുമായി ചേര്‍ന്ന കഴിഞ്ഞമാസം കവര്‍ന്നകേസിലും ഇയാള്‍ പ്രതിയാണ് എന്ന് പോലീസ് പറഞ്ഞു. ചാത്തന്നൂര്‍ തിരുമുക്കില്‍ സുഗുണന്റെ ബൈക്കും ഈപ്പന് എന്നയാള്‍ക്കൊപ്പം ചേര്‍ന്ന് കവര്‍ന്നു. ഇതിന് പുറമേ കരുനാഗപ്പള്ളിക്ക് സമീപം െവച്ച് കാല്‍നട യാത്രക്കാരനെ ബൈക്കിലെത്തി ഇടിച്ചിട്ട് അയാളുടെ കൈവശം ഉണ്ടായിരുന്ന പണവും ഫോണും കവര്‍ന്നു.
ചാത്തന്നൂര്‍ കണ്ണേറ്റ്മുക്ക് വഞ്ചിമുക്കില്‍ റിട്ട. ടീച്ചര്‍ അജിതയുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയാണ് വിനോദ്. പാരിപ്പള്ളിയില്‍ നിന്ന് മോഷ്ടിച്ച ബൈക്ക് ഉള്‍പ്പടെ വലിയ ഏലായില്‍നിന്നാണ് ഇയാളെ പിടിച്ചത്.
കൊല്ലം, തിരുവനന്തപുരം ജില്ലയില്‍ നിരവധി സ്റ്റേഷനില്‍ രവിക്കും വിനോദിനും എതിരെ കേസുണ്ട്. സ്വന്തമായി കേസ് വാദിക്കുന്നയാളാണ് രവി. റൂറല്‍ എസ്.പി. ഷെഫീന്റെ നിര്‍ദേശ പ്രകാരം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. പ്രതാപന് നായര്‍, സി.ഐ. എം.അനില്‍കുമാര്‍ എസ്.ഐ. വി.എസ് പ്രശാന്ത്, എസ്.ഐ. മാരാരായ ശ്രീകുമാരന്‍ നായര്‍, വിജയന് നായര്‍, പോലീസുകാരായ ശരത്കുമാര്, അനില്‍കുമാര്‍, സന്തോഷ്ലാല്, നിസ്സാര്‍, ശിവപ്രസാദ്, ജ്യോതിഷ്, മനോജ് എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്കി. പ്രതികളെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.