എ.ടി.എം. കാര്‍ഡ് തട്ടിയെടുത്ത് പണം കവര്‍ന്നയാള്‍ അറസ്റ്റില്‍
Posted on: 13 Sep 2015
ആറ്റിങ്ങല്‍: യുവതിയുടെ എ.ടി.എം. കാര്‍ഡ് മോഷ്ടിച്ച് പണം തട്ടിയെടുത്ത കേസില്‍ നഗരൂര്‍ തേക്കിന്‍കാട് റോഡരികത്ത് വീട്ടില്‍ ജെ.നഹാസി(27) നെ പോലീസ് അറസ്റ്റ് ചെയ്തു. അയിലം കുഴിവിള വീട്ടില്‍ അജിതകുമാരിയുടെ എ.ടി.എം. കാര്‍ഡാണ് മോഷ്ടിച്ചത്.
എസ്.ബി.ടി.യുടെ ആറ്റിങ്ങല്‍ ശാഖയില്‍ മകളുടെ പഠനാവശ്യത്തിന് പണം നിക്ഷേപിക്കാനെത്തിയ അജിതകുമാരി കാഷ് കൗണ്ടറിലെ മെഷീനില്‍ നിന്ന് പണം പിന്‍വലിച്ചു. ഈ സമയം അടുത്തുണ്ടായിരുന്ന നഹാസ് പിന് നമ്പര്‍ മനസ്സിലാക്കിയെന്ന് പോലീസ് പറയുന്നു. പണം പിന്‍വലിച്ച അജിതകുമാരി കാര്‍ഡ് പഴ്സില്‍ െവച്ച ശേഷം മകളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാനായി ഫോറം പൂരിപ്പിക്കാന്‍ തുടങ്ങി.
പഴ്സ് ബാങ്കിലെ മേശപ്പുറത്ത് വെച്ചിട്ടാണ് ഫോറം പൂരിപ്പിച്ചുകൊണ്ടിരുന്നത്. ഇതിനിടയില്‍ സമീപത്ത് നിന്നിരുന്ന നഹാസ് അജിതകുമാരിയുടെ പഴ്സിനുമുകളില് മറ്റൊരു ബാഗ് വെച്ചശേഷം ബാഗിനൊപ്പം പേഴ്സുമായി കടന്നുകളയുകയായിരുന്നു. പഴ്സില്‍ എ.ടി.എം. കാര്‍ഡ് കൂടാതെ മൊബൈല്‍ഫോണ്‍, വീടിന്റെ താക്കോല്‍ എന്നിവയുണ്ടായിരുന്നു.
കാര്‍ഡ് കൈക്കലാക്കിയ നഹാസ് ആറ്റിങ്ങലിലുള്ള എസ്.ബി.ടി, എസ്.ബി.ഐ, കൊടുവഴന്നൂര്‍ ഗ്രാമീണ്‍ബാങ്ക് എന്നീ എ.ടി.എം കൗണ്ടറുകളില്‍ നിന്നുമായി 25,000 രൂപ പിന്‍വലിച്ചെന്നാണ് കേസ്.
വീട്ടില്‍ ചെന്നശേഷമാണ് പഴ്സ് നഷ്ടപ്പെട്ടതായി അജിതകുമാരി അറിയുന്നത്. ഉടന്‍ തന്നെ ആറ്റിങ്ങല്‍ ബാങ്കിലെത്തി അധികൃതരെ വിവരം അറിയിച്ചു. ബാങ്കിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്നാണ് നഹാസിന്റെ ചിത്രം ലഭിച്ചത്. ബാങ്ക് അധികൃതരുടെ നിര്‍ദേശപ്രകാരം അജിതകുമാരി ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
റൂറല്‍ എസ്.പി. ഷെഫീന്‍ അഹമ്മദിന്റെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. ആര്.പ്രതാപന്‍നായര്‍, സി.ഐ. എം.അനില്‍കുമാര്‍, എസ്.ഐ. ബി.ജയന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കവര്‍ന്നെടുത്ത പണം പ്രതിയില്‍ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.