മുതലപ്പൊഴി തുറമുഖം: പ്രതീക്ഷകള്‍ വീണ്ടും സജീവമാകുന്നു
Posted on: 13 Sep 2015
ചിറയിന്‍കീഴ്: മുതലപ്പൊഴി തുറമുഖ നിര്‍മാണത്തിലെ നിലവിലെ പ്രതിസന്ധികള്‍ മാറുന്നു. പെരുമാതുറ-താഴം പള്ളി പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ തുറമുഖം മാര്‍ച്ച് 31നുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തുറമുഖത്തിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി കെ.ബാബുവും പറഞ്ഞതോടെയാണിത്.
പാലം തീരദേശത്തിന്റെ മുഖഛായ മാറ്റും എന്നത് പോലെ തുറമുഖവും തീരത്തിന്റെ വികസനത്തിന് കരുത്തേകും. തുറമുഖ നിര്‍മാണം പുരോഗമിക്കുകയാണ്. ഇത് അടുത്ത സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ തീര്‍ക്കും എന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. തുറമുഖത്തിന്റെ നിര്‍മാണത്തെക്കുറിച്ച് തീരവാസികള്‍ക്ക് യാതൊരു തരത്തിലുള്ള ആശങ്കകളും ആവശ്യമില്ല. പുലിമുട്ടിന്റെ പിഴവുകള്‍ തീര്‍ക്കാന്‍. തെക്ക് നിന്ന് പടിഞ്ഞാറേക്ക് പുലിമുട്ട് പുനര്‍നിര്‍മിക്കുകയാണ്. തുറമുഖത്തടിഞ്ഞ കല്ലുകള്‍ ഉടന്‍ നീക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ തുറമുഖ നിര്‍മാണ കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ മന്ത്രിമാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തുറമുഖ നിര്‍മാണത്തില്‍ പ്രശ്നങ്ങള്‍ ഏറെയാണെന്നും മുന്‍ എം.എല്‍.എ. ആനത്തലവട്ടം പറഞ്ഞു. പാലം വന്നു. ഇനി വേണ്ടത് തുറമുഖം -എന്ന തലക്കെട്ടില്‍ തുറമുഖം പൂര്‍ത്തിയാക്കേണ്ട ആവശ്യകത കാട്ടി 'മാതൃഭൂമി' ബുധനാഴ്ച വാര്‍ത്ത നല്‍കിയിരുന്നു.
2000 മെയ് 10ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരാണ് ശിലാസ്ഥാപനം നടത്തിയത്. പിന്നീട് സര്‍ക്കാറുകള്‍ മാറി മാറി വന്നെങ്കിലും തുറമുഖം ഇതുവരെയും തീര്‍ക്കാനായില്ല. മദ്രാസ് ഐ.ഐ.ടി. തയ്യാറാക്കിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തുറമുഖത്തിന്റെ പണി ആരംഭിക്കുന്നത്. എന്നാല്‍ നിര്‍മാണത്തിലെയും പഠനത്തിന്റെയും പിഴവുകള്‍ മൂലം തുറമുഖ നിര്‍മാണം പാതിയില്‍ അവസാനിപ്പിച്ചു. പിന്നീട് 2012-ല്‍ സര്‍ക്കാര്‍ തുറമുഖത്തിന്റെ പുനര്‍ നിര്‍മാണത്തിന് അനുമതി നല്കി. കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയില്‍പ്പെടുത്തി 35 കോടിയോളം ചെലവിട്ടാണ് പുനര്‍നിര്‍മാണം ലക്ഷ്യമിട്ടത്. ഇങ്ങനെ തുടങ്ങിയ പണിയാണ് ഇപ്പോഴും പാതിയില്‍ കിടക്കുന്നത്. ഈ സ്ഥിതിയിലാണ് പുതിയ പ്രഖ്യാപനങ്ങള്‍ തീരത്തിന് പുതിയ പ്രതീക്ഷയാകുന്നത്.