റിയാദില്‍ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
Posted on: 13 Sep 2015
മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
വലിയതുറ: റിയാദില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കൊച്ചുവേളി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അമ്മ മോളി നല്കിയ പരാതിയെ തുടര്‍ന്നാണ് തിരുവനന്തപുരത്തെത്തിച്ച മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയത്. കൊച്ചുവേളി തൈവിളാകം പുരയിടത്തില്‍ മോസ്കോ നഗറില്‍ വിന്‍സെന്റ് തിയോഫിന്റെ (22) മൃതദേഹമാണ് ശനിയാഴ്ച നാട്ടിലെത്തിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 23 നാണ് വിന്‍സെന്റ് ഡ്രൈവര്‍ വിസയില്‍ റിയാദിലേക്ക് പോയത്. ശ്രീകാര്യത്തുള്ള ട്രാവല്‍ ഏജന്‍സിയാണ് വിസയടക്കമുള്ള കാര്യങ്ങള്‍ ചെയ്തുകൊടുത്തത്. ഇതിനായി ഒരുലക്ഷം രൂപയോളം നല്‍കിയെന്നാണ് യുവാവിന്റെ അമ്മ മോളി വലിയതുറ പോലീസില്‍ പരാതി നല്‍കിയത്. റിയാദിലെത്തിയ വിന്െസന്റിന് ഡ്രൈവര്‍ ജോലിക്ക് പകരം ഒട്ടകത്തെ മേയ്കുന്ന ജോലിയാണ് നല്‍കിയത്. ഈ വിവരം വിന്‍സെന്റ് നാട്ടില്‍ അമ്മയെ വിളിച്ച് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ ട്രാവല്‍ ഏജന്റിനെ വിളിച്ചുപറഞ്ഞു. തന്നെ ഇവിടത്തെ ഉടമ ഒരുപാട് ഉപദ്രവിച്ചുവെന്ന് വിന്‍സെന്റ് പറഞ്ഞതായി അമ്മ മോളി പറഞ്ഞു.
ഫിബ്രവരിയില്‍ നാട്ടില്‍ തിരികെ എത്തിക്കാമെന്നാണ് ഏജന്‍സി അറിയിച്ചിരുന്നത്. എന്നാല്‍ ജനവരി 24ന് മകന് റിയാദിലെ കെട്ടിടത്തില്‍ മരിച്ചുവെന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. ഫിബ്രവരി മാസം നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ ഏജന്‍സി മരണവിവരം എന്തിന് മറച്ചുവെച്ചു എന്നാണ് വീട്ടുകാര്‍ ചോദിക്കുന്നത്. ഇതേ തുടര്‍ന്നാണ് വീണ്ടും പോസ്റ്റ്മാര്‍ട്ടം നടത്തണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടത്. അസ്വാഭാവിക മരണത്തിനാണ് വലിയതുറ പോലീസ് കേസെടുത്തിരിക്കുന്നത്. ശ്രുതിയാണ് സഹോദരി.