തീരദേശത്ത് യാത്രാദുരിതം
Posted on: 13 Sep 2015
കെ.എസ്.ആര്.ടി.സി.യുടെ അവഗണന
പൂവാര്‍: പൂവാര്‍ െക.എസ്.ആര്.ടി.സി. ഡിപ്പോയില്‍ കൂടുതല്‍ ബസ്സുകള്‍ കട്ടപ്പുറത്തായതോടെ തീരദേശത്താകെ യാത്രാക്ലേശം രൂക്ഷമായി. പൂവാറില്‍ നിന്ന് ഇരുപതിലധികം സര്‍വീസുകളാണ് ദിവസവും വെട്ടിക്കുറയ്ക്കുന്നത്. ഇത് തീരദേശത്തെ ജനങ്ങളുടെ യാത്ര ദുരിതമാക്കി മാറ്റുന്നു. പൂവാറില്‍നിന്ന് ഏറ്റവും തിരക്കുള്ള കാഞ്ഞിരംകുളം, തിരുവനന്തപുരം, പാറശ്ശാല കളിയിക്കാവിള, അരുമാനൂര്‍, നെയ്യാറ്റിന്‍കര, കാട്ടാക്കട, വിഴിഞ്ഞം തുടങ്ങിയ റൂട്ടുകളിലെ സര്‍വീസുകള്‍ പലതും ദിവസവും റദ്ദ് ചെയ്യുകയാണ്. കൂടാതെ അരുമാനൂര്‍- മണലുവിള-തിരുവനന്തപുരം റൂട്ടിലെ ബസ്സുകള്‍ മുടങ്ങുന്നതും പതിവായിട്ടുണ്ട്.
പൂവാറില്‍ നിന്ന് എട്ടിലധികം സര്‍വീസുകള്‍ വേണ്ട റൂട്ടുകളില്‍ നാല് ബസ്സുകള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഇത് കാഞ്ഞിരംകുളം, പഴയകട, പുതിയതുറ, ഉച്ചക്കട തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രയെ സാരമായി ബാധിച്ചിട്ടുണ്ട്. പല ബസ്സുകളും പ്രധാന സ്റ്റോപ്പുകളില്‍ നിര്‍ത്താറുമില്ല. പൂവാര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും യാത്ര തുടങ്ങുമ്പോള്‍ തന്നെ ബസ്സുകള്‍ നിറഞ്ഞിരിക്കും. അടുത്ത സ്റ്റോപ്പുകളില്‍നിന്ന് കയറുന്നവര്‍ക്ക് ചവിട്ടുപടിയില്‍ നിന്ന് വേണം യാത്രചെയ്യാന്‍.
തീരദേശത്തുള്പ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ പൂവാര്‍ ഡിപ്പോയിലെ ബസ്സുകളെ മാത്രം ആശ്രയിക്കുന്നവരാണ്. ഇതില്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരുമുണ്ട്. ഇവര്‍ക്കൊന്നും ഇപ്പോള്‍ പൂവാര്‍ ഡിപ്പോയിലെ ബസ്സുകളെ മാത്രം ആശ്രയിച്ച് യാത്രചെയ്യാനാവാത്ത സ്ഥിതിയിലാണ്. അതിനാല്‍ പലരും സമാന്തര വാഹനങ്ങളേയോ സ്വകാര്യ വാഹനങ്ങളേയോ ആശ്രയിക്കുന്നു. ഇവിടെ പലപ്പോഴും തിരക്കുള്ള സമയങ്ങളിലെ ബസ്സുകളാണ് നിര്‍ത്തലാക്കുന്നത്.
പൂവാര്‍, കാഞ്ഞിരംകുളം, തിരുപുറം, കരുംകുളം, കുളത്തുര്‍ പഞ്ചായത്തുകളില്‍ സര്‍വീസ് നടത്തുന്നതില്‍ ഏറെയും പൂവാര്‍ ഡിപ്പോയിലെ ബസ്സുകള്‍ മാത്രമാണ്. ബസ്സുകളുടെ കുറവ് കാരണം ഇടറൂട്ടുകളിലെ പല സര്‍വീസുകളും നിര്‍ത്തലാക്കി. ചില റൂട്ടുകളില്‍ ഒന്നിടവിട്ട ദിവസങ്ങളിലോ രണ്ട് ദിവസത്തിലൊരിക്കലോ ആണ് ബസ് ഓടുന്നത്. അതിനാല്‍ ജനങ്ങള്‍ക്ക് വിശ്വസിച്ച് ബസ് കാത്തുനില്‍ക്കാനാവില്ലെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു. അതിനാല്‍ പലരും കിലോമീറ്ററോളം നടന്നാണ് പ്രധാന ബസ് സ്റ്റോപ്പുകളിലെത്തുന്നത്. ഇവിടെയും ബസ് കാത്ത് മണിക്കൂറുകളോളം നില്‍ക്കേണ്ടിവരുന്നു. ഇത് ജനങ്ങളില്‍ പ്രതിഷേധവും ഉയര്‍ത്തുന്നു.
ലാഭംമാത്രം ലക്ഷ്യമാക്കിയാണ് പൂവാര്‍ ഡിപ്പോയില്‍ നിന്ന് സര്‍വീസുകള്‍ നടത്തുന്നത്. കുറച്ച് ബസ് ഓടിച്ച് കൂടുതല്‍ വരുമാനം ഉണ്ടാക്കുക. അതുകൊണ്ടുതന്നെ ഡിേപ്പാക്ക് പുതിയ ബസ്സുകള്‍ അനുവദിക്കാനോ യാത്രാക്ലേശം പരിഹരിക്കാനോ അധികൃതര്‍ തയ്യാറാവുന്നില്ല.
ഇതിനിടെ ഡിപ്പോയിലെ കുറവ് ജീവനക്കാരുടെ ജോലി സ്ഥിരതയേയും ബാധിച്ചിട്ടുണ്ട്. അതിരാവിലെ ജോലിക്കെത്തുന്നവര്‍ക്ക് ബസ്സുകളുടെ കുറവ് കാരണം തിരികെപോകേണ്ട അവസ്ഥയാണ്. ഇവിടെ ജോലി ചെയ്തിരുന്ന പല താത്കാലിക ജീവനക്കാരും മറ്റ് തൊഴില്‍ തേടി പോകുകയാണെന്ന് ഡിപ്പോ അധികൃതര്‍ തന്നെ പറയുന്നു. കൂടാതെ പൂവാറില്‍ കൂടുതല്‍ ബസ് അനുവദിക്കണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാവുന്നില്ലെന്നാണ് അവരുടെ പരാതി. കൂടുതല്‍ ബസ് ലഭിച്ചാല്‍ മാത്രമേ യാത്രാക്ലേശം പരിഹരിക്കാന്‍ കഴിയൂ എന്നവര്‍ പറയുന്നു.