അരുവിപ്പുറം-പാഞ്ചിക്കാട് റോഡിന് ശാപമോക്ഷമാകുന്നു
Posted on: 13 Sep 2015
റോഡ് നിര്‍മാണത്തിന് 2.7 കോടി
നെയ്യാറ്റിന്‍കര: വര്‍ഷങ്ങളായി തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതെ കിടക്കുന്ന അരുവിപ്പുറം-പാഞ്ചിക്കാട് റോഡിന് ശാപമോക്ഷമാകുന്നു. റോഡ് നവീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് 2.7 കോടി രൂപ അനുവദിച്ചു.
അരുവിപ്പുറം ക്ഷേത്രനടയിലൂടെ പോകുന്ന പാഞ്ചിക്കാട് റോഡ് വര്‍ഷങ്ങളായി ടാര്‍ചെയ്യാതെ തകര്‍ന്ന് കിടക്കുകയായിരുന്നു. അരുവിപ്പുറത്ത് നിന്ന് നെയ്യാറ്റിന്‍കരയ്ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്നതാണീ റോഡ്. എന്നാല്‍ പാഞ്ചിക്കടവ് റോഡിന്റെ വികസനത്തെ അവഗണിക്കുകയായിരുന്നു.
അരുവിപ്പുറം മുതല്‍ പാഞ്ചിക്കാട് വരെയായി രണ്ട് കിലോമീറ്റര്‍ റോഡ് നിര്‍മിക്കുന്നതിനായി 2.70 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരിക്കുന്നത്.
നഗരസഭയുടെ ഭാഗമായ പാഞ്ചിക്കാട് റോഡില്‍ പത്ത് വര്‍ഷം മുന്‍പ് ടാര്‍ ചെയ്യുന്നതിനായി മെറ്റലിട്ടിരുന്നു. തുടര്‍ന്ന് യാതൊരു നിര്‍മാണപ്രവര്‍ത്തനവും നടത്തിയില്ല. ഇതോടെ റോഡ് പൊട്ടിപ്പൊളിഞ്ഞ് കാല്‍നടപോലും പറ്റാതായി. ഈ വിഷയത്തില്‍ പലപ്പോഴായി നാട്ടുകാര്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് റോഡ് നവീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ചത്.
രണ്ട് കിലോമീറ്റര്‍ ദൂരമുള്ള ഈ റോഡ് അരുവിപ്പുറത്ത് നിന്ന് നെയ്യാറ്റിന്കരയിലെത്താനുള്ള എളുപ്പമാര്‍ഗ്ഗമാണ്. അരുവിപ്പുറത്ത് നിന്ന് പാഞ്ചിക്കാട് വഴി നെയ്യാറ്റിന്‍കരയില്‍ പോകാന്‍ മൂന്ന് കിലോമീറ്റര്‍ മാത്രമേയുള്ളൂ. എന്നാല്‍ പെരുമ്പഴുതൂര്‍ വഴി പോകണമെങ്കില്‍ ഏഴ് കിലോ മീറ്റര്‍ ദൂരം സഞ്ചരിക്കണം. പാഞ്ചിക്കാട് റോഡ് ടാര്‍ ചെയ്യുന്നതിലൂടെ നെയ്യാറ്റിന്‍കരയിലേക്ക് അരുവിപ്പുറത്തുകാര്ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കരാര്‍ നല്കി. നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ആര്. സെല്‍വരാജ് എം.എല്‍.എ.യും കൗണ്‍സിലര്‍ കരോളിന് സ്മിതാദാസും പറഞ്ഞു.