മാനസികാരോഗ്യ കേന്ദ്രത്തിന്റെ മതില് ചാടിരക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി
Posted on: 12 Sep 2015
പേരൂര്‍ക്കട: ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയിലിരിക്കെ ചാടിരക്ഷപ്പെട്ട പ്രതിയെ പേരൂര്‍ക്കട പോലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി. പത്തനംതിട്ട റാന്നി സ്വദേശി ബിനു തോമസ് (30) ആണ് പിടിയിലായത്. വിവിധ കേസുകളുമായി ബന്ധപ്പെട്ട് ഇയാള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു. മാനസികപ്രശ്നം ഉണ്ടെന്ന് വരുത്തി ഇയാള്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് മാനസികാരോഗ്യ കേന്ദ്രത്തിലെത്തി. മാനസികപ്രശ്നങ്ങള്‍ കാട്ടിയതിനെത്തുടര്‍ന്നാണ് സെന്‍ട്രല്‍ ജയിലില്‍നിന്ന് ബിനു തോമസിനെ ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. വൈകുന്നേരം 6 മണിയോടെയാണ് ഇയാള്‍ മാനസികാരോഗ്യ കേന്ദ്രത്തിന്റെ മതില് ചാടിരക്ഷപ്പെട്ടത്. വിവരമറിഞ്ഞ് പേരൂര്‍ക്കട പോലീസ് നടത്തിയ പരിശോധനയില്‍ മാനസികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ഇരുനില വീടിന്റെ മുകളില്‍നിന്ന് 10 മണിയോടെ ഇയാളെ പിടികൂടുകയായിരുന്നു. പേരൂര്‍ക്കട ഗവ. ആശുപത്രിയില്‍ പ്രാഥമിക പരിശോധനകള്‍ക്കുശേഷം ഇയാളെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇയാളെ ശനിയാഴ്ച സെന്‍ട്രല്‍ ജയിലിലേക്കു മാറ്റും.