വിഴിഞ്ഞം തുറമുഖത്തിന് ഇന്ന് 53 വയസ്സ്; വികസന പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍
Posted on: 12 Sep 2015
വിഴിഞ്ഞം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന് ഇന്ന് 53 വയസ്സ്. തുറമുഖം നിലവില്‍ വന്നിട്ട് അര നൂറ്റാണ്ട് കഴിഞ്ഞെങ്കിലും വികസനകാര്യത്തില്‍ ഇപ്പോഴും അത്ര പ്രതാപം വിഴിഞ്ഞത്തിന് അവകാശപ്പെടാനാകുന്നില്ല. തുറമുഖത്തിന്റെ വികസനത്തിനായി മാറിമാറി വന്ന സര്‍ക്കാരുകള്‍ കോടികള്‍ അനുവദിച്ചെങ്കിലും നിര്‍മാണ പൂര്‍ത്തീകരണം ഇപ്പോഴും അകലെയാണ്.
1962 സപ്തംബര്‍ 12ന് അന്നത്തെ കേന്ദ്ര കൃഷിമന്ത്രിയായിരുന്ന എസ്.കെ.പാട്ടീലാണ് തുറമുഖത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. മൂന്ന് ഘട്ടങ്ങളിലായി തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഒന്നും രണ്ടും ഘട്ട നിര്‍മാണ പ്രവര്ത്തികളില്പെട്ട പുലിമുട്ടുകള്‍, ബ്രേക് വാട്ടര്‍, ലേലപ്പുര തുടങ്ങിയവയുടെ പണികള്‍ മാത്രമാണ് പൂര്‍ത്തിയായത്.
അടുത്തകാലത്ത് നിര്‍മാണം പൂര്‍ത്തിയായ പുതിയ വാര്‍ഫില്‍ തുടക്കകാലത്ത് ക്രെയിന്‍ എത്തിച്ചപ്പോള്‍ വാര്‍ഫ് ഇടിഞ്ഞ് താണിരുന്നു. ഇതേതുടര്‍ന്ന് എട്ട് കോടിയോളം രൂപ െചലവില്‍ നിര്‍മിച്ച വാര്‍ഫിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി അഴിമതി ആരോപങ്ങളും ഉയര്‍ന്നുവന്നു. പിന്നീടുണ്ടായ അന്വേഷണങ്ങളും എങ്ങുമെത്തിയില്ല.
ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് ഉപജീവനത്തിനായി വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തെ ആശ്രയിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളിലും ഇവിടെ പുലിമുട്ടുകളുടെ സാന്നിധ്യം ഉള്ളതിനാല്‍ വള്ളമിറക്കാമെന്ന പ്രത്യേകതയും ഉണ്ട്. അതിനാല്‍ വര്‍ഷക്കാലത്ത് മറ്റ്പ്രദേശങ്ങളില് നിന്ന് നിരവധി മത്സ്യത്തൊഴിലാളികള്‍ അവരുടെ മത്സ്യബന്ധന ഉപകരണങ്ങളുമായി ഇവിടെ എത്തുന്നു. സ്ഥലപരിമിതി, കുടിവെള്ളക്ഷാമം, മാലിന്യം എന്നിവ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ്. വിഴിഞ്ഞത്തിനു ശേഷം പണിതുടങ്ങിയ കേരളത്തിലെ മറ്റു പല തുറമുഖങ്ങളും നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും വിഴിഞ്ഞം ഇപ്പോഴും അവഗണനയുടെ തീരത്താണ്.