ചുറ്റിലും വെള്ളക്കെട്ടുകള്‍; വഴി നടക്കാനാകാതെ ചിറയിന്‍കീഴുകാര്‍
Posted on: 12 Sep 2015
ചിറയിന്‍കീഴ്: മഴയില്‍ ചിറയിന്‍കീഴിന്റെ പ്രധാന നിരത്തുകളിലും ഇട റോഡുകളിലും വെള്ളക്കെട്ടുകള്‍ നിറഞ്ഞു. വഴിനടക്കാനാകാതെ പൊറുതിമുട്ടുകയാണ് നാട്ടുകാര്‍. ശാര്‍ക്കര, വലിയകട, പണ്ടകശാല, വലിയ ഏലാ, കടകം, പുളുന്തുരുത്തി തുടങ്ങിയ നിരത്തുകളിലാണ് വെള്ളക്കെട്ടുകള്‍. ഇതില്‍ ശാര്‍ക്കര ഗേറ്റിന് സമീപം വെള്ളം എപ്പോള്‍ വേണമെങ്കിലും കടകളില്‍ കയറാവുന്ന നിലയിലാണ്.
സ്കൂള്‍ വിദ്യാര്‍ഥികള്‍, ശാര്‍ക്കര ദേവീക്ഷേത്രത്തിലേക്കുള്ള നൂറുകണക്കിന് ഭക്തര്‍ തുടങ്ങിയവര്‍ എപ്പോഴും സഞ്ചരിക്കുന്ന വഴിയാണ്. ഓരോ വണ്ടി ഇതുവഴി കടന്നുപോകുമ്പോഴും വ്യാപാരികളുടെമേലും വഴിയാത്രക്കാരുടെമേലും ചെളികൊണ്ട് അഭിഷേകമാണ്. വെള്ളം ഒഴുകിപ്പോകാനുള്ള ഓടകള്‍ അടഞ്ഞതും അത് തുറന്നുവിടാന്‍ അധികൃതര്‍ നടപടിയെടുക്കാത്തതുമാണ് വെള്ളക്കെട്ടിന് കാരണം.
പണ്ടകശാല ഭാഗത്തും സ്ഥിതി സമാനമാണ്. ശാര്‍ക്കര ഭാഗത്തേക്കുള്ള വഴി തുടങ്ങുന്നിടത്താണ് ഇത്. റെയില്‍വേ സ്റ്റേഷന് സമാന്തരമായുള്ള രണ്ട് വഴികളിലും ചെളിയും അഴുക്കുവെള്ളവും നിറഞ്ഞു. നാട്ടുകാര്‍ സ്റ്റേഷനിലേക്ക് പോകാന്‍ ഉപയോഗിക്കുന്ന വഴികളാണ് ഇവ രണ്ടും. വെള്ളം നിറഞ്ഞ് മറ്റുപാതകളും തകര്‍ന്ന് തരിപ്പണമായ നിലയിലാണ്. വെള്ളം നിറഞ്ഞുകിടക്കുന്ന കുഴികളില്‍ വീണ് യാത്രക്കാര്‍ക്ക് അപകടം പറ്റുന്നത് പതിവായിക്കഴിഞ്ഞു. ബൈക്കില്‍ പോകുന്നവര്‍ക്കാണ് ഈ ദുരിതം ഏറെയും.