പൂജാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് പട്ടിക്കൊപ്പം മുറിയില്‍ പൂട്ടിയിട്ട കേസില്‍ രണ്ടുപേര്‍ കീഴടങ്ങി
Posted on: 12 Sep 2015
കഴക്കൂട്ടം: പൂജാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം ആളൊഴിഞ്ഞ വീട്ടില്‍ രാത്രി നായ്ക്കൊപ്പം പൂട്ടിയിട്ടെന്ന കേസിലെ രണ്ട് പ്രതികള്‍ കീഴടങ്ങി. ശ്രീകാര്യത്തിന് സമീപം വെഞ്ചാവോട് സുമരാജ് ഭവനില്‍ സുമരാജ്(27), വെഞ്ചാവോട് വലിയവിള വീട്ടില്‍ രാജേഷ് കുമാര്‍(36) എന്നിവരാണ് മെഡിക്കല്‍ കോളേജ് സി.ഐ. ഷീന്‍ തറയിലിനുമുന്നില്‍ വ്യാഴാഴ്ച കീഴടങ്ങിയത്. ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണിത്.
ആഗസ്ത് 26നാണ് കേസിനാസ്പദമായ സംഭവം. വെഞ്ചാവോട് വാടകയ്ക്ക് താമസിച്ചിരുന്ന ക്ഷേത്രപൂജാരി ദീപുവിനെ സുമരാജും രാജേഷ് കുമാറും അടക്കമുള്ള നാലംഗസംഘം തട്ടിക്കൊണ്ടുപോയെന്നാണ് േകസ്. സുമരാജ് നടത്തുന്ന ചിട്ടിയില്‍ ചേരണമെന്നും സുമരാജിന്റെ ട്രാവല്‍സിലേക്ക് പൂജാരിയുടെ കാര്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നത് നിരസിച്ചതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറയുന്നു. 26ന് ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിലെത്തിയ രണ്ടുപേര്‍ പുറത്തിറങ്ങിവരാന്‍ ആവശ്യപ്പെട്ട് ബഹളംെവച്ചപ്പോള്‍ പൂജാരി കെട്ടിട ഉടമയെ ഫോണില്‍ വിവരമറിയിച്ചു. നാട്ടുകാരില്‍ ചിലരെയും കൂട്ടിയെത്തിയ വീട്ടുടമ ഇവരെ താക്കീതുനല്കി പറഞ്ഞുവിടുകയായിരുന്നു. ബഹളംവെച്ചവര്‍ രാത്രി വീണ്ടും വീട്ടില്‍ വരികയും വീട്ടിലുണ്ടായിരുന്ന പൂജാരിയെ കാറില്‍ കടത്തിക്കൊണ്ടുപോകുകയുമായിരുന്നു. സുമരാജിന്റെ ട്രാവല്‍സിലെ വണ്ടികള്‍ പാര്ക്കുചെയ്യുന്നതിനുവേണ്ടി വാടകയ്ക്ക് എടുത്തിട്ടിരുന്ന അണിയൂരിലെ വീട്ടിലേക്ക് കൊണ്ടുപോകുകയും അവിടൈവച്ച് മര്‍ദ്ദിച്ച് മുറിയില്‍ നായ്ക്കൊപ്പം പൂട്ടിയിട്ട ശേഷം സംഘം മടങ്ങുകയുമായിരുന്നു.
പുലര്‍ച്ചെ മൂന്നുമണിയോടുകൂടി വീടിന്റെ പിന്‍വാതില്‍ തുറന്ന് ആ വീട്ടിലുണ്ടായിരുന്ന ഒരു ഷര്‍ട്ട് ധരിച്ച് പൂജാരി രക്ഷപ്പെടുകയായിരുന്നു. രാവിലെ ശ്രീകാര്യം പോലീസില്‍ പരാതി നല്കിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി. ഈ കേസില്‍ രണ്ട് പ്രതികളെക്കൂടി പിടികൂടാനുണ്ട്. ശ്രീകാര്യം എസ്.ഐ. ബിജു, അഡീഷണല്‍ എസ്.ഐ. സൈറസ് പോള്‍, എ.എസ്.ഐ. കുമാരന്, സി.പി.ഒ. അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.