മാമം ഭൂമി കേസില്‍ നഗരസഭയ്‌ക്കെതിരെ വിധി

Posted on: 12 Sep 2015



കാലിച്ചന്ത മാത്രം നടത്താം


ആറ്റിങ്ങല്‍:
മാമത്തെ ഭൂമിയില്‍ ആറ്റിങ്ങല്‍ നഗരസഭ കാലിച്ചന്തയല്ലാതെ മറ്റൊന്നും നടത്താന്‍ പാടില്ലെന്ന് കോടതി വിധി. ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനോ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനോ നഗരസഭയ്ക്ക് അനുവാദമില്ല. കാലിച്ചന്ത നടക്കുന്ന ഭൂമി സംബന്ധിച്ച് നഗരസഭയും തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളും തമ്മില്‍ ആറ്റിങ്ങല്‍ മുന്‍സിഫ് കോടതിയില്‍ നടന്നുവന്ന കേസിലാണ് വിധി. ഭൂമിയില്‍ നഗരസഭയ്ക്ക് പ്രവേശനാനുമതി പൂര്‍ണമായി നിഷേധിക്കണമെന്ന വാദികളുടെ ആവശ്യം ഭാഗികമായി അംഗീകരിച്ചുകൊണ്ടാണ് വിധി.
വാദികളുടെ കോടതിച്ചെലവ് പ്രതിയായ നഗരസഭ നല്‍കേണ്ടതാണെന്നും വിധിയില്‍ നിര്‍ദേശമുണ്ട്. മാമത്ത് കാളച്ചന്ത പ്രവര്‍ത്തിക്കുന്ന ഭൂമിയില്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് സ്ഥാപിക്കാന്‍ നഗരസഭ തീരുമാനിച്ച് നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് ഭൂമിയില്‍ അവകാശം ഉന്നയിച്ച് രാജകുടുംബാംഗങ്ങള്‍ കേസ് നല്‍കിയത്. 2006 ലായിരുന്നു ഇത്. െബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള ലളിതാഭായി, മക്കളായ രുഗ്മിണിവര്‍മ്മ, ഉമാവര്‍മ്മ, പാര്‍വ്വതീവര്‍മ്മ, ലക്ഷ്മീവര്‍മ്മ, അംബികാവര്‍മ്മ, ബാലഗോപാലവര്‍മ്മ, ഇന്ദിരാഭായി, ശോഭനാവര്‍മ്മ എന്നിവരാണ് കോടതിയെ സമീപിച്ചത്.
മാമത്തെ ഭൂമിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് നഗരസഭാധികൃതരെ വിലക്കിക്കൊണ്ടുള്ള താത്കാലിക ഉത്തരവാണ് ആദ്യം ഉണ്ടായത്. ഇതിന്മേലുള്ള വാദങ്ങളില്‍ നഗരസഭ ഹാജരായില്ല. തുടര്‍ന്ന് നിരോധന ഉത്തരവ് സ്ഥിരമായി. ഇതിന്മേല്‍ 30 ദിവസത്തിനുള്ളില്‍ സബ്‌കോടതിയില്‍ അപ്പീല്‍ നല്‍കാനും നഗരസഭ ശ്രമിച്ചില്ല. വൈകി അപ്പീല്‍ നല്‍കിയെങ്കിലും ഹര്‍ജി കോടതി തള്ളി. തുടര്‍ന്നാണ് ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് മുന്‍സിഫ് കോടതിയിലെത്തുന്നത്.
കേസ് നടക്കുന്നതിനിടെ മദ്ധ്യസ്ഥചര്‍ച്ചയിലൂടെ കേസ് തീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നടന്നു. എന്നാല്‍ നഗരസഭാധികൃതര്‍ ഇതിന് വഴങ്ങിയില്ല. തുടര്‍ന്ന് കേസ് തീര്‍പ്പാകാതെ നീണ്ടുപോകുന്നതിനെതിരെ നഗരസഭ ഹൈക്കോടതിയെ സമീപിച്ചു. നഗരസഭയുടെ ഹര്‍ജിയെത്തുടര്‍ന്ന് കേസ് മൂന്നുമാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ടായി. ഇതേത്തുടര്‍ന്ന് നടപടിക്രമങ്ങള്‍ വേഗത്തിലാവുകയും വെള്ളിയാഴ്ച വിധി പറയുകയുമായിരുന്നു.
മുന്‍സിഫ് കോടതി വിധിക്കെതിരെ സബ്‌കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് നഗരസഭാധികൃതര്‍ വ്യക്തമാക്കി. വാദികള്‍ക്കുവേണ്ടി അഡ്വ. കല്ലമ്പലം ശ്രീകുമാര്‍, അഡ്വ. ജി.ഗിരീഷ്, അഡ്വ. അന്‍സ്, നഗരസഭയ്ക്ക് വേണ്ടി അഡ്വ.ആനന്ദക്കുട്ടന്‍ എന്നിവര്‍ ഹാജരായി.

More Citizen News - Thiruvananthapuram