അടച്ചിട്ടിരുന്ന റെയില്‍വേ ഗേറ്റിലേക്ക്് സ്കൂള്‍ ബസ്സിടിച്ച് കയറിയ സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍
Posted on: 12 Sep 2015
ബാലരാമപുരം: അടച്ചിട്ടിരുന്ന റയില്‍വേ ഗേറ്റ് ഇടിച്ചുതകര്‍ത്ത സ്കൂള്‍ ബസ്സിന്റെ !ഡ്രൈവറെ റെയില്‍വേ സംരക്ഷണസേന കസ്റ്റഡിയിലെടുത്തു. നെല്ലിമൂട് ന്യൂ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബസ് ഡ്രൈവര്‍ നെല്ലിമൂട് സ്വദേശി വിജയകുമാറിനെ(28) യാണ് കസ്റ്റഡിയിലെടുത്തത്. ബസ്സും പിടിച്ചെടുത്തിട്ടുണ്ട്.
ബാലരാമപുരത്തിനടുത്ത് ആലുവിള റെയില്‍വേ ഗേറ്റില്‍ വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. സ്കൂള്‍ വിദ്യാര്‍ഥികളേയും കയറ്റിവന്ന ബസ് നിയന്ത്രണം വിട്ട് റെയില്‍ ഗേറ്റ് ഇടിച്ചുതകര്‍ക്കുകയായിരുന്നു. പാളത്തിന് അരികിലെ ഓടയില്‍ മുന്‍ചക്രം കുടുങ്ങിയതിനെ തുടര്‍ന്ന് ബസ് മുന്നോട്ടു നീങ്ങാനാകാതെ നില്‍ക്കുകയായിരുന്നു.
നാഗര്‍കോവില്‍-പുനലൂര്‍ പാസഞ്ചര്‍ െട്രയിന്‍ കടന്നുപോകാന്‍ ഗേറ്റ് അടച്ചപ്പോഴായിരുന്നു സംഭവം. ബസ് ട്രാക്കിനടുത്തു നില്ക്കുമ്പോള് രണ്ടു കിലോമീറ്റര്‍ അകലെ നെയ്യാറ്റിന്‍കര സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു. ഗേറ്റ് കീപ്പര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നെയ്യാറ്റിന്‍കരയില്‍ പിടിച്ചിട്ടു. ഇതുമൂലം വന്‍ അപകടം ഒഴിവായി. ബസ്സില്‍ നല്പതോളം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു.
ഇതിനിടയില്‍ കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുട്ടികളെ ബസ്സില്‍നിന്ന് പുറത്തിറക്കി. ഏഴുകിലോ മീറ്റര്‍ അകലെയുള്ള സ്കൂള്‍ മുതല്‍ വിദ്യാര്‍ഥികളെ ഇറക്കിയിറക്കി വരികയായിരുന്നു ബസ്. ഇതു ഇവിടെവെച്ചു നിയന്ത്രണം വിടാനുണ്ടായ സാഹചര്യത്തെ കുറിച്ച് മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി തെളിവെടുപ്പും പരിശോധനയും നടത്തി.
ബസ് മാറ്റിയതിനുശേഷം ഒന്നര മണിക്കൂറോളം കഴിഞ്ഞാണ് ട്രെയിന്‍ കടന്നു പോയത്.