തമിഴ്നാട് മുഖ്യമന്ത്രിയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് മൂലം ചികിത്സ നേടിയവര്‍ 37704
Posted on: 12 Sep 2015
കുലശേഖരം: കന്യാകുമാരി ജില്ലയില്‍ തമിഴ്നാട് മുഖ്യമന്ത്രിയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് മൂലം 37704 പേര് 67.57 കോടി രൂപ ചെലവില്‍ ചികിത്സ നേടിയതായി ജില്ലാ കളക്ടര്‍ സജ്ജന്‍സിങ് ആര്. ചവാന് അറിയിച്ചു. 2012 ജനവരി മുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമാണ് സാധാരണക്കാരായ രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭിച്ചതെന്നും കളക്ടര്‍ വ്യക്തമാക്കി.
കുലശേഖരം മൂകാംബിക മെഡിക്കല്‍കോളേജില്‍ മുഖ്യമന്ത്രിയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സില്‍ ഹൃദയ ശസ്ത്രക്രിയ നടത്തി ചികിത്സയിലിരിക്കുന്ന രോഗികളെ നേരില്‍ പരിശോധിച്ചശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്യാകുമാരി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മൂകാംബിക മെഡിക്കല്‍കോളേജില്‍ ആധുനിക സജ്ജീകരണങ്ങള്‍ ഉള്ളതിനാല്‍ സുരക്ഷിതമായ ചികിത്സ ലഭിക്കുമെന്ന് വിശ്വാസം പ്രകടിപ്പിച്ച കളക്ടര്‍ നിജോനിമീഷ് എന്ന 12 വയസ്സുകാരനെ മൂന്നുവര്‍ഷം നിരീക്ഷണത്തില്‍ സംരക്ഷിച്ച് സുരക്ഷിതമായ ഹൃദയശസ്ത്രക്രിയ നടത്തി ജീവന് രക്ഷിച്ച പ്രഗത്ഭരായ ഡോക്ടര്‍മാരെ അഭിനന്ദിക്കുകയുംചെയ്തു. കളക്ടര്‍ക്കൊപ്പം ആരോഗ്യ സംരക്ഷണ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. റിയാസുമുണ്ടായിരുന്നു.