ക്ഷേത്രം ജീവനക്കാരുടെ ഡ്യൂട്ടി സമയം നിജപ്പെടുത്തണം-എംപ്ലോയീസ് യൂണിയന്‍

Posted on: 12 Sep 2015



കൊല്ലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലിനോക്കുന്ന ശാന്തി, കഴകം, തളി, വാച്ചര്‍, പഞ്ചവാദ്യം, തകില്‍, നാഗസ്വരം ജീവനക്കാരുടെ ഡ്യൂട്ടി സമയം നിജപ്പെടുത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍. വ്യക്തമായ ഉത്തരവില്ലാതെയും ക്ലിപ്തതയില്ലാതെയും ഭീഷണിപ്പെടുത്തി ജോലി ചെയ്യിക്കുന്നത് അവസാനിപ്പിക്കണമെന്ന് കൊല്ലത്ത് ചേര്‍ന്ന യൂണിയന്‍ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പാര്‍ട്ട്‌ടൈം ശാന്തിക്കാരെക്കൊണ്ട് രണ്ടുനേരം ക്ഷേത്രം തുറപ്പിക്കുക, കലാകാരന്മാരെക്കൊണ്ട് പതിവില്‍പ്പെടാത്ത പൂജകളുംമറ്റും ചെയ്യിക്കുക, വാച്ചറുടെ മേല്‍ 24 മണിക്കൂര്‍ ഡ്യൂട്ടി അടിച്ചേല്പിക്കുക തുടങ്ങിയ മനുഷ്യാവകാശലംഘനങ്ങളാണ് നടത്തുന്നത്. ഇതില്‍ യോഗം പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.പി.മധുസൂദനന്‍ പിള്ള, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ചവറ രാജശേഖരന്‍, യൂണിയന്‍ രക്ഷാധികാരികളായ അഡ്വ. രത്‌നകുമാര്‍, എന്‍.ഗോവിന്ദന്‍ നമ്പൂതിരി, സംസ്ഥാന ജനറല്‍ സെക്രട്ടറി മന്നര്‍ വിജയന്‍, തുളസീധരന്‍ പിള്ള, പ്രംജിത്ത് ശര്‍മ്മ, മനോജ് തറമേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram