വൈദ്യുതക്കമ്പി മോഷ്ടിച്ച കേസില്‍ അറസ്റ്റില്‍
Posted on: 11 Sep 2015
പൂവാര്‍: കെ.എസ്.ഇ.ബി.യുടെ വൈദ്യുതക്കമ്പികള്‍ മോഷ്ടിച്ച് കടത്തുന്നതിനിടെ രണ്ട് കരാര്‍ത്തൊഴിലാളികള്‍ പോലീസിന്റെ പിടിയിലായി. പാറശ്ശാല ഇടിച്ചക്കപ്ലാമൂട് സ്വദേശികളായ ഷൈജു(20), ഗോപകുമാര്‍(30) എന്നിവരാണ് പൂവാര്‍ പോലീസിന്റെ പിടിയിലായത്. വൈദ്യുതക്കന്പി മോഷ്ടിച്ച് ബൈക്കില്‍ കടത്തുന്നതിനിടെയാണ് പൂവാര്‍ എസ്.ഐ. ഷിജിയുടെ നേതൃത്വത്തിലുള്ള പോലീസ്സംഘം പിന്തുടര്ന്ന് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് പിടിച്ചെടുത്തു.
പൂവാറിലെ പട്ട്യക്കാല, തെറ്റിക്കാട് എന്നിവിടങ്ങളില്‍ 11 കെ.വി. ലൈനിന്റെ പണികള്‍ നടക്കുകയാണ്. ഇതിനുള്ള കമ്പികള്‍ അരുമാനൂരിലാണ് സൂക്ഷിച്ചിരുന്നത്. ഇവിടെനിന്നാണ് കമ്പികള്‍ മോഷ്ടിച്ചത്. മോഷ്ടിച്ചവ മൂന്ന് മീറ്റര്‍ നീളത്തില്‍ മുറിച്ച് ചാക്കിലാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. ഇവരില്‍നിന്ന് 20 കിലോയോളം കമ്പി പോലീസ് പിടിച്ചെടുത്തു.
പിടിയിലായവര്‍ കെ.എസ്.ഇ.ബി.യുടെ കരാറുകാരുടെ കൂടെ ജോലിക്കുപോകുന്നവരാണ്. പകല്‍ പണിക്കെത്തിയ ശേഷം രാത്രി സാധനങ്ങള്‍ സൂക്ഷിക്കുന്നിടത്തെത്തി മോഷ്ടിക്കുകയാണ് ഇവരുടെ പതിവെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരെ പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കെ.എസ്.ഇ.ബി. അധികൃതരും സ്ഥലത്തെത്തി.