മംഗലപുരത്ത് പോലീസിനുനേരെ വീണ്ടും ആക്രമണം; എ.എസ്.ഐ. ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക്
Posted on: 11 Sep 2015
ആക്രമണം രണ്ടാംതവണ
മംഗലപുരം : മംഗലപുരത്ത് പോലീസിനുനേരെ വീണ്ടും സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ആക്രമണത്തില്‍ എ.എസ്.ഐ. ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ ചെമ്പകമംഗലത്തിന് സമീപം വൈ.എം.എ. ജങ്ഷനിലായിരുന്നു സംഭവം. ഇവിടെ പത്തംഗസംഘം റോഡില്‍ ബഹളംവയ്ക്കുന്ന വിവരം ലഭിച്ചതിനെതുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിനു നേരെ ആക്രമം അഴിച്ചുവിടുകയായിരുന്നു എന്നാണ് ആരോപണം.
മംഗലപുരം സ്റ്റേഷനിലെ എ.എസ്.ഐ. വിജയന്, അഡീഷണല്‍ എസ്.ഐ. സാജുദ്ദീന്, സി.പി.ഒ ഷെര്‍ഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് ജീപ്പിന്റെ ഇടതു വശത്തെ കണ്ണാടിയും എറിഞ്ഞുതകര്‍ത്തു. സംഭവത്തെ തുടര്‍ന്ന് സുനില്‍, മനോജ്, പ്രവീണ്‍ എന്നിവരെ കഴക്കൂട്ടം സി.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കഴിഞ്ഞ ജൂണ്‍ 20 ന് ഒരുസംഘം പോലീസ് സ്റ്റേഷനില്‍ കയറി ജീപ്പിന്റെ താക്കോല്‍ ഊരിയെടുത്ത് കടന്നു കളഞ്ഞിരുന്നു. ഇതില്‍ പന്ത്രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. നാലുപേരെ പോലീസ് പിടികൂടി. ബാക്കിയുള്ളവര്‍ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടി. കഴിഞ്ഞമാസം ഉത്രാടദിനത്തില്‍ മംഗലപുരം മുല്ലശ്ശേരിയില് സാമൂഹ്യവിരുദ്ധര്‍ ബഹളംവയ്ക്കുന്നെന്ന പരാതി ലഭിച്ചതിനെതുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ച് തകര്‍ക്കുകയും എസ്.ഐ. ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.