മാമം നാളികേര കോംപ്ലക്സ് 16ന് തുറക്കും
Posted on: 11 Sep 2015
'മാതൃഭൂമി' പരമ്പര ഫലംകണ്ടു
സ്വാഗതസംഘം നാളെ
ആറ്റിങ്ങല്‍: മാമം നാളികേര കോംപ്ലക്സിന്റെ പ്രവര്‍ത്തനം 16ന് പുനരാരംഭിക്കും. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. അടഞ്ഞുകിടക്കുന്ന നാളികേര കോംപ്ലക്സിനെക്കുറിച്ച് 'മണ്ഡരി വീണ നാളികേര കോംപ്ലക്സ്' എന്ന പരമ്പര ഇക്കഴിഞ്ഞ ജൂലായില്‍ 'മാതൃഭൂമി' പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കോംപ്ലക്സ് തുറക്കാനുള്ള നടപടികള്‍ വേഗത്തിലായത്.
ഉരുക്കുവെളിച്ചെണ്ണ (കോക്കനട്ട് വിര്‍ജിന്‍ ഓയില്‍) ഉല്പാദിപ്പിക്കുന്ന യൂണിറ്റാണ് മാമത്ത് ഇപ്പോള്‍ ആരംഭിക്കുന്നത്. കൊഴുപ്പ് കുറഞ്ഞതും ഔഷധഗുണമുള്ളതുമായ ഈ എണ്ണയ്ക്ക് വിപണിയില്‍ വന്‍ ഡിമാന്റാണ്. ഇത് വ്യാവസായികാടിസ്ഥാനത്തില്‍ നിര്മ്മിക്കാനായാല് മാമം കോംപ്ലക്സിന്റെ പ്രതാപം വീണ്ടെടുക്കാം. പ്രതിദിനം 25,000 നാളികേരമുപയോഗിച്ച് ഉരുക്കുവെളിച്ചണ്ണയുണ്ടാക്കുകയാണ് ലക്ഷ്യം. കൂടാതെ തെങ്ങില്‍നിന്നുള്ള മറ്റ് നാല് ഉല്പന്നങ്ങളുടെ ഉല്പാദന യൂണിറ്റ് തുടങ്ങാനും പദ്ധതിയുണ്ട്. സാധാരണ വെളിച്ചണ്ണ നിര്‍മ്മാണം, ചിരട്ടപ്പൊടി നിര്‍മ്മാണം, ലഘുപാനീയ നിര്‍മ്മാണം, ചകിരിയില്‍നിന്ന് പെയിന്റ് നിര്‍മ്മാണം എന്നിവയാണവ.
ഉരുക്കുവെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റ് മന്ത്രി കെ.പി.മോഹനന് 16ന് വൈകീട്ട് 5ന് ഉദ്ഘാടനം ചെയ്യും. ഇതിന്റെ സംഘാടനത്തിനായി 12ന് വൈകീട്ട് 3ന് മാമം കോംപ്ലക്സില്‍ സ്വാഗതസംഘം രൂപവത്കരണയോഗം നടക്കും.