കല്യാണമണ്ഡപത്തില്‍ വരന് താലികെട്ടാന്‍ വിസമ്മതിച്ചു; വധുവിനെ ബന്ധു ജീവിതസഖിയാക്കി
Posted on: 11 Sep 2015
നാഗര്‍കോവില്‍: കല്യാണമണ്ഡപത്തില്‍ എത്തിയശേഷം വിവാഹത്തിന് വിസമ്മതിച്ചതിനെത്തുടര്‍ന്ന് വധുവിനെ ബന്ധുവായ യുവാവ് താലിചാര്‍ത്തി. മറ്റൊരു മുഹൂര്‍ത്തത്തിലായിരുന്നു താലികെട്ട്.
നാഗര്‍കോവില്‍ വടിവീശ്വരം അഴകമ്മന് ക്ഷേത്രത്തില്‍ താലികെട്ടും അടുത്തുള്ള മണ്ഡപത്തില്‍ വിരുന്നും ഏര്‍പ്പെടുത്തിയിരുന്ന വിവാഹമാണ് തടസ്സപ്പെട്ടത്. ബുധനാഴ്ച രാവിലെ താലികെട്ടിന് തയ്യാറായി വധു ഒരുക്കങ്ങളോടെ കാത്തുനിന്നു. ബന്ധുക്കള്‍ക്കൊപ്പം എത്തിയ വരന് കീഴരാമന്പുതൂര് സ്വദേശി മഹാദേവന്റെ മകന് മണികണ്ഠന് (26) ക്ഷേത്ര രജിസ്റ്ററില്‍ കൈയൊപ്പിടാന്‍ പറഞ്ഞപ്പോഴാണ് പ്രശ്നമായത്. ദേവസ്വം ക്ഷേത്രമായതിനാല്‍ ആദ്യ വിവാഹമാണെന്ന സര്‍ട്ടിഫിക്കറ്റും രജിസ്റ്ററില്‍ കൈയൊപ്പും നിര്‍ബന്ധമാണ്. രജിസ്റ്ററില്‍ ഒപ്പിട്ട് താലികെട്ടാന്‍ സമ്മതമില്ലെന്ന് വരന് അറിയിച്ചപ്പോള്‍ ബന്ധുക്കള്‍ക്കിടയില്‍ വാക്കേറ്റവും ബഹളവുമായി. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ കോട്ടാര്‍ പോലീസിന് വിവരം നല്കി.
പോലീസെത്തി ചര്‍ച്ച നടത്തുന്നതിനിടയില്‍ വിസമ്മതം അറിയിച്ച വരനോടൊപ്പം ജീവിക്കാന്‍ തയ്യാറല്ലെന്ന് വധു അറിയിച്ചു. തുടര്‍ന്ന് വിവാഹത്തിനെത്തിയവര്‍ പിരിഞ്ഞുപോയി.മണികണ്ഠനെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്നാണ് നിശ്ചയിച്ച ദിവസംതന്നെ വധുവായ ചരല് സ്വദേശി കൃഷ്ണന്റെ മകള്‍ ഉമാപ്രിയയ്ക്ക് വിവാഹം നടത്തണമെന്ന് ബന്ധുക്കള്‍ തീരുമാനിച്ചത്. സുഹൃത്തുക്കളുടെ ആവശ്യപ്രകാരം ബന്ധുവായ കോട്ടാര്‍ സ്വദേശി ഗോപകുമാര്‍ രക്ഷിതാക്കളുടെ സമ്മതത്തോടെ വിവാഹത്തിന് തയ്യാറായി. തുടര്‍ന്ന് വൈകുന്നേരം മറ്റൊരു മുഹൂര്‍ത്തത്തില്‍ ഇരുവരും വിവാഹിതരായി. വിവാഹച്ചടങ്ങിന് ക്ഷണിച്ചവരും ക്ഷണിക്കപ്പെടാത്തവരും സന്തോഷത്തോടെ പങ്കെടുത്ത് വധൂവരന്മാര്ക്ക് ആശംസകള്‍ അര്‍പ്പിച്ചു.