ഇടിഞ്ഞാര്‍ പമ്പ്ഹൗസ് പ്രവര്‍ത്തനം നിലച്ചു; ആദിവാസികള്‍ ദുരിതത്തില്‍
Posted on: 10 Sep 2015
പാലോട്: ഇടിഞ്ഞാര്‍ പമ്പ്ഹൗസ് പ്രവര്‍ത്തനം നിലച്ചതോടെ ആദിവാസിമേഖലയിലെ കുടിവെള്ളവിതരണം ഭാഗികമായി നിലച്ചു. പെരിങ്ങമ്മല പഞ്ചായത്തിലെ ആദിവാസിമേഖലകളായ വിട്ടിക്കാവ്, മങ്കയം, നാലുസെന്റ് കോളനി, അടിയോയി കോളനി എന്നിവിടങ്ങളിലാണ് കുടിവെള്ളവിതരണം മുടങ്ങിയത്.
കഴിഞ്ഞ മൂന്നുദിവസമായി ഈ പ്രദേശങ്ങളില്‍ വെള്ളം എത്തുന്നില്ല. പമ്പ്ഹൗസിന്റെ തകരാറാണ് പ്രശ്നങ്ങള്‍ക്ക് കാരണം. മോേട്ടാറുകള്ക്കുണ്ടായ തകരാറാണ് വെള്ളം നിലയ്ക്കാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍, അടുത്തകാലത്താണ് മോേട്ടാറുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തിയത്. കുടിവെള്ളം മുടങ്ങിയതോടെ ഇടിഞ്ഞാര്‍ ഹൈസ്കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ദുരിതത്തിലാണ്. വൈദ്യുതിക്ക് പകരമായി ലക്ഷങ്ങള്‍ മുടക്കി ഇവിടെ സ്ഥാപിച്ച സോളാര്‍ പാനലുകളും തുരുമ്പെടുത്ത് നശിക്കുകയാണ്.
പമ്പ്ഹൗസിന്റെ പ്രവര്‍ത്തനം നിലച്ചതോടെ നാനൂറിലധികം കുടുംബങ്ങളാണ് കുടിവെള്ളത്തിനുവേണ്ടി നെട്ടോട്ടമോടുന്നത്.