സ്ഥലംകിട്ടിയാല്‍ കായിക്കരപാലം ഉടന്‍- മന്ത്രി കെ. ബാബു
Posted on: 10 Sep 2015
അഞ്ചുതെങ്ങ്: സ്ഥലം ഏറ്റെടുത്ത് കൈമാറിയാലുടന്‍ കായിക്കര പാലത്തിന്റെ നിര്‍മ്മാണ നടപടികള്‍ തുടങ്ങുമെന്ന് തുറമുഖ വകുപ്പ് മന്ത്രി കെ. ബാബു പറഞ്ഞു. പെരുമാതുറ-താഴംപള്ളി പാലത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അഞ്ചുതെങ്ങ്-വക്കം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് കായിക്കര പാലം. കായിക്കരയിലെ മഹാകവി കുമാരനാശാന് സ്മാരകത്തെയും വക്കം ഖാദര്‍ സ്മാരകത്തെയും ബന്ധിപ്പിക്കുന്നത് കൂടിയാണീ പാലം. വക്കം, അകത്തുമുറി, ചെറുന്നിയൂര്‍ നിവാസികള്‍ക്ക് തീരദേശപാത ഉപയോഗപ്പെടുത്താനും തീരദേശ വിനോദസഞ്ചാരപദ്ധതിയുടെ ഭാഗമാകാനും പാലം ഉപയോഗമാകുമെന്ന് കഴിഞ്ഞ ദിവസം മാതൃഭൂമി ചൂണ്ടിക്കാട്ടിയിരുന്നു. സ്ഥലം ഏറ്റെടുത്തതായി ആറ്റിങ്ങലിലെയും ചിറയിന്‍കീഴിലെയും എം.എല്‍.എ. മാരും അറിയിച്ചിട്ടുണ്ടെങ്കിലും തുറമുഖ വകുപ്പിന് ഇത് സംബന്ധിച്ച് യാതൊരു രേഖയും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.