ചെമ്മരുതി പ്രാഥമിക ആരോഗ്യകേന്ദ്രം സാമൂഹിക ആരോഗ്യകേന്ദ്രമാക്കാന്‍ നടപടികള്‍ തുടങ്ങി
Posted on: 10 Sep 2015
വര്‍ക്കല: ചെമ്മരുതി പ്രാഥമിക ആരോഗ്യകേന്ദ്രം സാമൂഹിക ആരോഗ്യകേന്ദ്രമായി ഉയര്‍ത്താനുള്ള പ്രാരംഭനടപടികള്‍ ആരോഗ്യവകുപ്പ് തുടങ്ങി. ചെമ്മരുതി, ഇലകമണ്‍, ഇടവ ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങളിലെ ജനങ്ങളെ ഉള്‍പ്പെടുത്തിയാണ് ചെമ്മരുതി കേന്ദ്രമാക്കി പുതിയ സാമൂഹികാരോഗ്യകേന്ദ്രം ആരംഭിക്കുക. മുന്നൂറിലധികം പേര് ദിനവും ചികിത്സതേടിയെത്തുന്ന ചെമ്മരുതി പി.എച്ച്.സിയെ സി.എച്ച്.സിയാക്കി ഉയര്‍ത്തണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്.
വര്‍ക്കല കഹാര്‍ എം.എല്‍.എയുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും നിരന്തര ആവശ്യം പരിഗണിച്ചാണ് ആരോഗ്യവകുപ്പ് അനുകൂല തീരുമാനത്തിലേക്ക് കടക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ 20 കിടക്കകളുള്ള സാമൂഹികാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്നതിനുവേണ്ട അടിസ്ഥാനസൗകര്യവികസനത്തിന്റെയും തസ്തികകളുടെയും ധനകാര്യബാധ്യതയെയും കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്കാന് ആരോഗ്യവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്കാന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ചെമ്മരുതി പി.എച്ച്.സി. മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടു. ഒരു സിവില്‍ സര്‍ജനും രണ്ട് അസിസ്റ്റന്റ് സര്ജന്മാരുമുള്പ്പെടെ 28 തസ്തികകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ടും നല്കി.
സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ആശുപത്രികള്‍ക്കായി ഏര്‍പ്പെടുത്തിയ അക്രഡിറ്റേഷന് അവാര്‍ഡ് ആദ്യമായി നേടിയ പ്രാഥമികാരോഗ്യകേന്ദ്രമാണ് ചെമ്മരുതി. കേന്ദ്രസര്‍ക്കാരിന്റെ ഗുണമേന്മ പുരസ്കാരത്തിന് കേരള സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത ഏക പി.എച്ച്.സിയും ചെമ്മരുതിയാണ്. നിലവില്‍ 30 ജീവനക്കാരുള്ള ഇവിടെ ഒരു അസിസ്റ്റന്റ് സര്‍ജന്റെയും രണ്ട് മെഡിക്കല്‍ ഓഫീസര്‍മാരുടെയും സേവനം ലഭ്യമാണ്. ഇ.സി.ജി. ഉള്‍പ്പെടെ രോഗനിര്‍ണയത്തിനുള്ള ആധുനിക സൗകര്യങ്ങളുള്ള ക്ലിനിക്കല്‍ ലബോറട്ടറിയും ഇവിടുണ്ട്. മികച്ച സാന്ത്വനപരിചരണത്തിനുള്ള കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന അവാര്‍ഡും ചെമ്മരുതി പി.എച്ച്.സിക്കാണ് ലഭിച്ചത്. ഇത്തരം മികച്ച പ്രവര്‍ത്തനങ്ങള്‍ ചെമ്മരുതിയെ സി.എച്ച്.സിക്കായി പരിഗണിക്കുന്നതിന് തുണയായി.