സി.ഇ.ടി. അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം - മുഖ്യമന്ത്രി
Posted on: 10 Sep 2015
കഴക്കൂട്ടം: തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍ ഓണാഘോഷത്തിനിടയില്‍ നടന്നതുപോലെയുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സി.ഇ.ടി. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വിദ്യാര്‍ഥി രാഷ്ട്രീയത്തെ അവജ്ഞയോടുകൂടി രക്ഷിതാക്കളും സമൂഹവും ഇന്ന് കാണുന്നതിന് കാരണം കാമ്പസുകളിലെ അക്രമരാഷ്ട്രീയമാണ്. നിയമം കൊണ്ടോ ശിക്ഷ കൊണ്ടോ മാറ്റാതെ തന്നെ കാമ്പസില്‍ പാലിക്കേണ്ട മര്യാദകളും മിതത്വവും വിദ്യാര്‍ഥിസമൂഹം കാട്ടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുവര്‍ണ ജൂബിലി പി.ജി. ആന്‍ഡ് റിസര്‍ച്ച് ബ്ലോക്കിന്റെ തറക്കല്ലിടല്‍ കര്‍മവും ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. മന്ത്രി പി.കെ.അബ്ദു റബ്ബ് അധ്യക്ഷനായി. ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ പ്രൊഫ. വി.ശാന്തകുമാരി, ഹയര്‍ എഡ്യൂക്കേഷന്‍ അഡീഷണല്‍ സെക്രട്ടറി എം.െഷറീഫ്, വി.എസ്.എസ്.എസ്. പ്രോജക്ട് ഡയറക്ടര്‍ ആര്.ഉമാമഹേശ്വരന്, പ്രിന്‍സിപ്പല്‍ ഡോ. ജെ.ഡേവിഡ്, വി.ആര്.സിനി, എസ്.നാരായണന്, ഡി.കൃഷ്ണമൂര്‍ത്തി എന്നിവര്‍ സംസാരിച്ചു.