വല കപ്പലില്‍ കുടുങ്ങി; കടലില്‍ വീണ മീന്‍പിടിത്തക്കാരനെ രക്ഷപ്പെടുത്തി
Posted on: 10 Sep 2015
വിഴിഞ്ഞം: കപ്പല്‍ കടന്നുപോയപ്പോഴുണ്ടായ തിരയടിച്ചിലില്‍ വള്ളം മറിഞ്ഞ് കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി. മീന്‍ പിടിക്കാനെറിഞ്ഞ വല കപ്പലിലുടക്കിയാണ് അപകടം. കണ്ണാന്തുറ സ്വദേശി യൂഡിന്(35) ആണ് അപകടത്തില്‍പ്പെട്ടത്. വെള്ളത്തില്‍ വീണ് ഒരു മണിക്കൂറോളം നീന്തി അവശനായ ഇയാളെ അതുവഴി വന്ന മറ്റ് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.
ചൊവ്വാഴ്ച രാത്രി 11.30ന് മര്യനാട് തീരത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു സംഭവം. വള്ളത്തില്‍ യൂഡിന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കണ്ണാന്തുറ സ്വദേശി സാംസണിന്റേതായിരുന്നു വള്ളം. വള്ളം കടലില്‍ ഇറക്കുന്നതിനിടെ പരിക്കേറ്റത് കാരണം സാംസണ് യൂഡിനൊപ്പം കടലില്‍ പോയിരുന്നില്ല. യൂഡിന് വള്ളത്തിലിരുന്ന് മീന്‍ പിടിക്കാനായി വല വീശിയതിന് ശേഷമായിരുന്നു കപ്പല്‍ അതുവഴി കടന്നുപോയത്. കപ്പല്‍ പോയതിന്റെ ശക്തിയില്‍ വള്ളം ശക്തമായി ഉലയുകയും മറിയുകയുമായിരുന്നു. കടലില്‍ വീണ് നീന്തി അവശനായ നിലയിലാണ് മറ്റ് മത്സ്യത്തൊഴിലാളികള്‍ യൂഡിനെ കണ്ടത്. പുലര്‍ച്ചെ നാലുമണിയോടെ ഇയാളെ മത്സ്യത്തൊഴിലാളികള്‍ കരയ്ക്കെത്തിച്ചു. കൈയ്ക്കും കാലിനും നിസ്സാര പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വള്ളത്തിന്റെ ഉടമ സാംസണ് പരാതി നല്‍കിയതിനെത്തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്സ്മെന്റും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് സംഭവസ്ഥലത്ത് തിരച്ചില്‍ നടത്തിയെങ്കിലും വള്ളവും വലയും കണ്ടെത്താനായില്ല.