മലയിന്‍കീഴില്‍ സി.ഐ. ഓഫീസ് ഉദ്ഘാടനം ഇന്ന്
Posted on: 09 Sep 2015
മലയിന്‍കീഴ്: മൂന്ന് പോലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുത്തി രൂപവത്കരിക്കുന്ന മലയിന്‍കീഴ് സര്‍ക്കിള്‍ ഓഫീസിന്റെ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് നാലിന് നടക്കും. മലയിന്‍കീഴ്, നരുവാമൂട്, വിളപ്പില്‍ശാല പോലീസ് സ്റ്റേഷനുകളാണ് പുതിയ സര്‍ക്കിളിന് കീഴില്‍ വരുന്നത്. മലയിന്‍കീഴ് പോലീസ് സ്റ്റേഷന് കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് സര്‍ക്കിള്‍ ഓഫീസ് പ്രവര്‍ത്തിക്കുക. സ്റ്റേഷന് കോമ്പൗണ്ടില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ എന്‍.ശക്തന് അധ്യക്ഷത വഹിക്കും. മന്ത്രി രമേശ് ചെന്നിത്തല സര്‍ക്കിള്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡോ. എ.സമ്പത്ത് എം.പി. ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും. ഉദ്ഘാടന യോഗത്തിന് മുന്‍പ് പാലോട്ടുവിളയില്‍ നിന്ന് മലയിന്‍കീഴിലേക്ക് അശ്വാരൂഢസേന, പോലീസ് ബാന്‍ഡ്, ബൈക്ക് റൈഡേഴ്സ് എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്രയുണ്ടാകും. സ്വാഗതസംഘം ഭാരവാഹികളായ ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ മലയിന്‍കീഴ് വേണുഗോപാല്‍, പഞ്ചായത്ത് പ്രസിഡന്റ് എല്‍.അനിത എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.