അധ്യാപകദിനത്തില്‍ കുട്ടികള്‍ ഗുരുക്കന്മാരായി
Posted on: 09 Sep 2015
വെഞ്ഞാറമൂട്: പ്യൂണ്‍ തൊട്ട് പ്രിന്‍സിപ്പല്‍ വരെ എല്ലാം വിദ്യാര്‍ത്ഥികള്‍ തന്നെ. കിട്ടിയ ഒരുദിവസം കൊണ്ട് സ്റ്റാഫ് കൗണ്‍സില്‍, അച്ചടക്ക കമ്മിറ്റി, അക്കാഡമിക് കൗണ്‍സില്‍.... എന്നുവേണ്ട ഒരു കൂട്ടം പരിപാടികള്‍ ചെയ്തുതീര്‍ത്തു. വെഞ്ഞാറമൂട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപക ദിനാഘോഷം ഇങ്ങനെയായിരുന്നു.
സ്കൂളിലെ എന്‍.എസ്.എസ്. യൂണിറ്റാണ് പുതുമയുള്ള അധ്യാപക ദിനാചരണം നടത്തിയത്. ബെല്ലടി തൊട്ട് സ്കൂള്‍ ഭരണംവരെ കുട്ടികള്‍ ഭംഗിയായി ചെയ്തു.
വിദ്യാര്‍ത്ഥി സൂരജാണ് സ്കൂളിന്റെ പ്രിന്‍സിപ്പലായത്. സൂരജും ഇരുപതോളം സഹകുട്ടി അധ്യാപകരും ചേര്‍ന്ന് വടിയെടുക്കാതെ എങ്ങനെ അച്ചടക്കം സ്കൂളില്‍ നടപ്പാക്കാമെന്ന് കാട്ടിക്കൊടുക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിനി അമൃത സീനിയര്‍ അസിസ്റ്റന്റായി.
അസംബ്ലിയില്‍ ഇപ്പോഴത്തെ ഗുരുക്കന്മാര്ക്ക് ഗുരുവന്ദനം നടത്തിയാണ് കുട്ടിമാഷുമാര് ദിനാചരണം തുടങ്ങിയത്. കുട്ടിയധ്യാപകര് അവരവര്‍ക്ക് നിശ്ചയിച്ചിരുന്ന ക്ലാസ്സുകളില്‍ അധ്യാപനം നടത്തുകയും ചെയ്തു. വൈകീട്ട് നടന്ന പ്രത്യേക യോഗത്തില്‍ സ്കൂളിലെ ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ ഹരികുമാര്‍, അധ്യാപകരായ ഡോ.നജീബ്, ബിനു, ഷൂജ, ഗിരീശന്, ബിജു എന്നിവര്‍ ചേര്‍ന്ന് കുട്ടികളെ അനുമോദിച്ചു.
.