വിഴിഞ്ഞം: മത്സ്യ മേഖലയിലെ ആശങ്ക പരിഹരിക്കാന്‍ ചര്‍ച്ച തുടരും
Posted on: 09 Sep 2015
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിര്‍മിക്കുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച തുടരും. ചൊവ്വാഴ്ച ചര്‍ച്ച നടത്തിയെങ്കിലും ലത്തീന്‍ കത്തോലിക്കാ സഭ പ്രതിനിധികള്‍ പങ്കെടുത്തില്ല. എട്ട് നോമ്പ് ധ്യാനമായതിനാല്‍ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചിരുന്നു. അതിനാല്‍ എല്ലാവര്ക്കും സൗകര്യ പ്രദമായ തീയതിയില്‍ വീണ്ടും ചര്‍ച്ച നടത്തും.
പ്രദേശത്തെ കമ്പവലക്കാരുടെയും ചിപ്പിത്തൊഴിലാളികളുടെയും പ്രതിനിധികള്‍ ചര്‍ച്ചയില്‍ ആശങ്കകള്‍ ഉന്നയിച്ചു. എന്നാല്‍ ഈ വിഭാഗങ്ങളെയും റിസോര്‍ട്ട് തൊഴിലാളികളെയും പറ്റി പാരിസ്ഥിതികാഘാത പഠനത്തില്‍ വ്യക്തമാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇവരില്‍ തൊഴിലും വാസസ്ഥലവും നഷ്ടപ്പെടുന്നവരെ കണ്ടെത്താന്‍ നിയോഗിച്ച സബ്കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയുടെ പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ഉറപ്പ് നല്കി.
തുറമുഖം വരുമ്പോള്‍ തീരത്തുണ്ടാവുന്ന മാറ്റങ്ങളെപ്പറ്റി തൊഴിലാളികളുടെ പ്രതിനിധികള്‍ ആശങ്ക ഉന്നയിച്ചു. എന്നാല്‍ വ്യാപകമായ മാറ്റങ്ങളുണ്ടാവില്ലെന്നും ഉണ്ടായാല്‍ സര്‍ക്കാര്‍ അതിന് പരിഹാരം കാണുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്കി.
മന്ത്രിമാരായ കെ.ബാബു, അടൂര്‍ പ്രകാശ്, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസ്, കളക്ടര്‍ ബിജു പ്രഭാകര്‍, അന്താരാഷ്ട്ര തുറമുഖ കമ്പനി മേധാവി എ.എസ്.സുരേഷ് ബാബു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.