വിതുര വി.എച്ച്.എസ്.ഇ.യില്‍ സമൂഹവിരുദ്ധരുടെ അതിക്രമം
Posted on: 08 Sep 2015
വിതുര: സംസ്ഥാനത്തെ മികച്ച അധ്യാപികയ്ക്കുള്ള ഈ വര്‍ഷത്തെ പുരസ്കാരം മലയോരത്തേക്ക് കൊണ്ടുവന്ന വിതുര വി.എച്ച്.എസ്.ഇ.യില്‍ സമൂഹവിരുദ്ധരുടെ അഴിഞ്ഞാട്ടം. വെള്ളിയാഴ്ച സ്കൂള്‍ പൂട്ടിമടങ്ങിയ അധികൃതര്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് തിങ്കളാഴ്ച രാവിലെ കണ്ടത്. അഗ്രിക്കള്‍ച്ചര്‍ കോഴ്സുകള്‍ നടത്തുന്ന ഇവിടെ ക്ലാസിനുവെളിയില്‍ പ്രായോഗികപഠനത്തിനായി തയ്യാറാക്കിയിരുന്നവയെല്ലാം നശിപ്പിച്ചനിലയിലാണ്.
ചെടിച്ചട്ടിയിലും ഗ്രോബാഗിലും നട്ടിരുന്ന ചെടികളൊക്കെ പിഴുത് കുളത്തിലും പൈപ്പുകള്‍ക്ക് ചുവട്ടിലും സ്കൂള്‍ പരിസരത്തുമായി ഇട്ടു. ചട്ടികളും ബാഗുകളും നശിപ്പിച്ചു. ഒരു ചെടിച്ചട്ടി കൊണ്ട് പൈപ്പിടിച്ച് തകര്‍ത്തിട്ടുണ്ട്. ഒരുസെന്റ് സ്ഥലത്തൊരുക്കിയിരുന്ന കൃത്രിമ നെല്‍പ്പാടം നശിപ്പിച്ചു. ഇതിന്റെ ഒരു ബണ്ട് തകര്‍ത്തശേഷം ടാര്പ്പോളിന്കീറുകയായിരുന്നു. കിണറ്റിലെ കയര്‍ ഉള്ളിലിട്ടശേഷം കപ്പി കൃത്രിമ നെല്‍പ്പാടത്ത് എറിഞ്ഞനിലയിലാണ്. ഉദ്ഘാടനം കഴിയാത്ത പുതിയ മന്ദിരം കരിക്കട്ട കൊണ്ടെഴുതി വൃത്തികേടാക്കിയിട്ടുണ്ട്.
ശനിയാഴ്ച രാത്രിയിലാണ് സമൂഹവിരുദ്ധര്‍ സ്കൂളില്‍ പ്രവേശിച്ചതെന്ന് കരുതുന്നു. ഇതേദിവസം രാത്രി പേപ്പാറ റോഡിലെ ഒരു പള്ളിയിലും നാശമുണ്ടാക്കിയിട്ടുണ്ട്. ഇവിടെ വൈദ്യുതിവയറുകള്‍ മുറിച്ചശേഷം മീറ്റര്‍ ബോര്‍ഡ് എടുത്തുമാറ്റുകയായിരുന്നു. പ്രിന്‍സിപ്പലും പി.ടി.എ. പ്രസിഡന്റും പരാതി നല്‍കിയതിനെത്തുടര്‍ന്ന് വിതുര പോലീസ് സ്കൂളിലെത്തി പരിശോധന നടത്തി.