മഴ: നെടുമങ്ങാട്ട് അഞ്ച് കോടി രൂപയുടെ നഷ്ടമെന്ന് പ്രാഥമിക കണക്ക്
Posted on: 08 Sep 2015
നെടുമങ്ങാട്: ഒറ്റ രാത്രി പെയ്തിറങ്ങിയ മഴയില്‍ നെടുമങ്ങാട്ടും പരിസര പ്രദേശങ്ങളിലുമായി അഞ്ച് കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി പ്രാഥമിക കണക്ക്. വീടുകള്‍, മതിലുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയില്‍ ഏകദേശം രണ്ട് കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പാലം, കൃഷി എന്നിവ നശിച്ചതില്‍ മൂന്നു കോടിയിലധികം രൂപയുടെ നഷ്ടവുമുണ്ടായി.
ശനിയാഴ്ച പുലര്‍ച്ചെ വരെ പെയ്ത മഴയില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും നാല്പതിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. വഞ്ചുവം-പനയമുട്ടം തോടിന് കുറുകെ സ്ഥാപിച്ചിരുന്ന പാലം പൂര്‍ണമായി ഒലിച്ചു പോയതോടെ ഈ പ്രദേശത്തുകാരുടെ യാത്ര ദുഷ്കരമാക്കിയിരിക്കുകയാണ്. കൊന്നമൂട് പ്രദേശത്തെ ഇലവട്ടം, പൊരിയം മേഖലകളുമായി ബന്ധിപ്പിക്കുന്ന പാലം അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വഞ്ചുവം തോട് കരകവിഞ്ഞ് ഒഴുകിയപ്പോള്‍ സ്വയം തൊഴില്‍ ചെയ്ത് ജീവിക്കുന്ന ശിവകുമാര്‍ എന്നയാളുടെ ഓട്ടോറിക്ഷ വെള്ളത്തില്‍ ഒലിച്ച് രണ്ട് കിലോമീറ്റര്‍ അകലെ തകര്‍ന്ന നിലയില്‍ കണ്ടെത്തി. എന്നാല്‍ ശിവകുമറിന്റെ ഒലിച്ച് പോയ ബൈക്ക് കണ്ടെത്താനായില്ല. വില്പനയ്ക്ക് തയ്യാറായ മൂവായിരത്തോളം കോഴികളും കോഴി ഫാമും ശിവകുമാറിന് നഷ്ടപ്പെട്ടു. നെട്ടിറച്ചിറ-വെള്ളനാട് റോഡിന്റെ നിര്‍മാണത്തിന്റെ ഭാഗമായി ഒരാഴ്ച മുമ്പ് കൂവക്കുടിയില്‍ നിര്‍മിച്ച സംരക്ഷണ ഭിത്തിയും മഴയില്‍ തകര്‍ന്നു വീണു. നിര്‍മാണത്തിലെ അപാകമാണ് ഭിത്തി തകര്‍ന്നു വീഴാന്‍ ഇടയാക്കിയതെന്ന് ആരോപണമുയരുന്നുണ്ട്. ആനാട്, നാഗച്ചേരി, ആര്യനാട്, കോട്ടയ്ക്കകം, കുര്യാത്തി, വെള്ളനാട്, ചാങ്ങ പ്രദേശങ്ങളില്‍ വ്യാപക കൃഷി നാശമുണ്ടായി. പുലിയൂര്, കാഞ്ഞിരംപാറ ഏലകളിലെ ബണ്ടുകള്‍ തകര്‍ന്ന് കൃഷി ഭൂമി വെള്ളത്തിലായി. കോട്ടയ്ക്കകം തുഷാരയുടെ ഒരേക്കറിലെ റബ്ബര്‍, വാഴ, മരച്ചീനി കൃഷി എന്നിവയും ഇരവൂരിലെ സതീഷിന്റെ പുരയിടത്തിലെ റബ്ബര്‍ മരങ്ങളും നശിച്ചു.
വെള്ളപൊക്കത്തിലുണ്ടായ നാശനഷ്ടങ്ങളെ കുറിച്ചുള്ള പൂര്‍ണ വവിരങ്ങള്‍ വില്ലേജോഫീസര്‍മാര്‍ വഴി ശേഖരിച്ചു വരികയാണെന്ന് നെടുമങ്ങാട് തഹസില്‍ദാര്‍ അറിയിച്ചു. കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് നാശനഷ്ടങ്ങളുടെ വിവരം ലഭിച്ചു കൊണ്ടിരിക്കുകയാണ്. ഒരു രാത്രി മുഴുവന്‍ പെയ്ത മഴ നിരവധി പേരുടെ ജീവിതമാണ് തകര്‍ത്തത്.
കല്ലിംഗലില്‍ പ്രത്യേക പരിഷ്കാരം വേണമെന്നാവശ്യം
നെടുമങ്ങാട്: ശനിയാഴ്ച പെയ്ത മഴയില്‍ വെള്ളം കയറിയ കല്ലിംഗലിലെ വീടുകളില്‍ നിന്ന് ഇതുവരെ വെള്ളമിറങ്ങിയിട്ടില്ല. തിങ്കളാഴ്ച രാവിലെ ചെറിയ മഴ പെയ്തപ്പോള്‍ വെള്ളത്തിന്റെ അളവ് കൂടുകയാണുണ്ടായത്. വെള്ളം ഒലിച്ചു പോകാനുള്ള മാര്‍ഗങ്ങളെല്ലാം അടഞ്ഞതാണ് കല്ലിംഗലിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. കല്ലിംഗല്‍ ഏലായില്‍ നിന്നും കാക്കതോട്ടില് നിന്നും വരുന്ന വെള്ളം മേലാംങ്കോട് തോടുമായി സംഗമിക്കുന്ന സ്ഥലത്ത് തോടിനും ഓടയ്ക്കും പകരം ചെറിയൊരു പൈപ്പാണ് സ്ഥാപിച്ചിട്ടുള്ളത്. ഈ പൈപ്പ് ചവര്‍ മൂടി അടഞ്ഞതു കൊണ്ടാവാം തോട്ടിലേക്കൊഴുകേണ്ട വെള്ളം പുരയിടങ്ങളിലേക്കും വീടുകളിലേക്കും തിരിച്ചൊഴുകിയതും കെട്ടികിടക്കുന്നതും. പൈപ്പിട്ട് മൂടിയ തോട് തുറന്നു വിടാനായാല്‍ കല്ലിംഗലിലെ വെള്ളക്കെട്ടിന് കുറച്ചു പരിഹാരമാകും. കഴിഞ്ഞ ദിവസത്തെ വെള്ളപൊക്കത്തില്‍ കല്ലിംഗല്‍ ഓട്ടോമൊബൈല്‍സിലെ ഒന്നാം നില പൂര്‍ണമായും വെള്ളത്തിലാവുകയും വിലപ്പെട്ട നിരവധി രേഖകളും കമ്പ്യൂട്ടറുകളും നശിക്കുകയും ചെയ്തു. കോയിക്കല്‍ തോട് വീതി കൂട്ടുകയും, കല്ലിംഗല്‍ -മുക്കോല റോഡിന് ഓട നിര്‍മിക്കുകയും ചെയ്താല്‍ ഒരുപരിധി വരെ കല്ലിംഗലിലെ വെള്ളപൊക്കം ഒഴിവാക്കാനാകുമെന്നാണ് കണക്കു കൂട്ടല്‍. ഇവിടത്തെ പ്രശ്നം പരിഹരിക്കുന്നതിനായി പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, നഗരസഭ, വസ്തു ഉടമകള്‍ എന്നിവരുടെ യോഗം ഉടന്‍ വിളിക്കുമെന്ന് പാലോട് രവി എം.എല്‍.എ. അറിയിച്ചു.