മണമ്പൂര്‍-ഒറ്റൂര്‍-വര്‍ക്കല സമഗ്ര കുടിവെള്ള പദ്ധതി നിര്‍മാണം അവസാന ഘട്ടത്തില്‍
Posted on: 08 Sep 2015
ആറ്റിങ്ങല്‍: മണമ്പൂര്‍-ഒറ്റൂര്‍-വര്‍ക്കല സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതായി ബി.സത്യന് എം.എല്‍.എ. അറിയിച്ചു. മുല്ലശ്ശേരിക്കുന്ന് മുതല്‍ ഒറ്റൂര്‍ തെറ്റിക്കുളം വരെയും തെറ്റിക്കുളം മുതല്‍ രഘുനാഥപുരം വരെയും പുതിയ മൈല്‍ഡ് ഷീറ്റ് കുഴല്‍ സ്ഥാപിച്ച് നടപ്പാക്കുന്നതാണ് പദ്ധതി. 13 കോടി രൂപയാണ് അടങ്കല്‍തുക.
എട്ട് കിലോമീറ്റര്‍ ദൂരത്തിലാണ് ആദ്യം കുഴല്‍ സ്ഥാപിക്കുക. മുല്ലശ്ശേരിക്കുന്നുമുതല് തെറ്റിക്കുളം വരെ 600 എം.എം. കുഴല്‍ സ്ഥാപിച്ചു. തെറ്റിക്കുളത്ത് നിന്ന് രഘുനാഥപുരത്തേക്ക് 500 എം.എം. കുഴലാണ് സ്ഥാപിക്കുക. ഒറ്റൂര്‍, ചെറുന്നിയൂര്‍, മണമ്പൂര്‍, വര്‍ക്കല എന്നിവിടങ്ങളില്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ഒറ്റൂര്‍ പാലം, മണമ്പൂര്‍ എം.എല്‍.എ. പാലം എന്നിവിടങ്ങളിലെ ശുദ്ധജല വിതരണപദ്ധതി അന്തിമ ഘട്ടത്തിലാണ്. കുഴല്‍ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡുകള്‍ 1.50 കോടി രൂപ ചെലവിട്ട് നന്നാക്കും. വാട്ടര്‍ അതോറിറ്റിയുടെ പ്രോഫിറ്റ് വിഭാഗമാണ് പണി നടത്തുന്നത്. പണി നടക്കുന്ന കേന്ദ്രങ്ങള്‍ എം.എല്‍.എ. സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ നല്കി.