കായിക്കര കടവില്‍ പാലം വരുമോ? നാട്ടുകാര്‍ കാത്തിരിക്കുന്നു
Posted on: 08 Sep 2015
വക്കം: അഞ്ചുതെങ്ങ്, വക്കം നിവാസികളുടെ ഏറേ കാലത്തെ ആവശ്യമാണ് അഞ്ചുതെങ്ങ് കായിക്കര കടവിലൊരു പാലം. പെരുമാതുറ പാലം യാഥാര്‍ഥ്യമാകുന്നതോടെ നാട്ടുകാരുടെ ആവശ്യത്തിന് പ്രസക്തി വീണ്ടും വര്‍ദ്ധിക്കുകയാണ്. പാലം വേണമെന്ന് പ്രദേശവാസികള്‍ അധികാരികളോട് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് അമ്പതുവര്‍ഷത്തിലേറെയായി. മഹാകവി കുമാരനാശാന്റെ ജന്മസ്ഥലമായ കായിക്കര ഉള്‍പ്പെടുന്ന അഞ്ചുതെങ്ങ് പഞ്ചായത്തിനെയും വക്കം പഞ്ചായത്തിനെയും ബന്ധിപ്പിച്ച് അഞ്ചുതെങ്ങ് കായലിന് മുകളിലൂടെയാണ് പാലം നിര്‍മിക്കേണ്ടത്.
കായിക്കര കടവില്‍ പാലം പണിഞ്ഞാല്‍ ഏറേ ഗുണം കിട്ടുക വക്കം, അകത്തുമുറി, ചെറുന്നിയൂര്‍ പ്രദേശവാസികള്‍ക്കാണ്. അകത്തുമുറി, വക്കം നിവാസികള്‍ക്ക് കായിക്കര പാലം കടന്നാല്‍ പിന്നെ തീരദേശപാതയാണ്. അഞ്ചുതെങ്ങിലൂടെ പെരുമാതുറ പാലം വഴി കുറഞ്ഞ ദൂരത്തില്‍ തലസ്ഥാനത്തെത്താം. തിരക്കും കുറവ്. വക്കത്തു നിന്ന് ആലംകോടോ ആറ്റിങ്ങലിലോ എത്തി അവിടെനിന്ന് തിരുവനന്തപുരത്തേക്ക് സഞ്ചരിക്കുന്ന പതിവുരീതിക്ക് പാലം യാഥാര്‍ഥ്യമായാല്‍ മാറ്റം വരുത്താം. ഇരുപത് കിലോമീറ്ററോളം ലാഭം വരുമെന്നതിനുപുറമെ ആറ്റിങ്ങലിലെ ട്രാഫിക് കുരുക്കില്‍ നിന്ന് രക്ഷപ്പെടാം.
പെരുമാതുറ പാലം ഗതാഗതത്തിനായി തുറന്നിടുമ്പോള്‍ ജില്ലയുടെ ടൂറിസം സാധ്യതകള്‍ക്കുകൂടിയാണ് ചിറകുമുളയ്ക്കുന്നത്. വിഴിഞ്ഞം, ശംഖുംമുഖം, വേളി, പെരുമാതുറ ബീച്ച്, ചിറയിന്‍കീഴ് പുളിമൂട്ടില്‍ക്കടവ്, അഞ്ചുതെങ്ങ് കോട്ട, കായിക്കര കുമാരനാശാന് സ്മാരകം, വര്‍ക്കല എന്നിവ ഉള്‍പ്പെടുന്ന തീരദേശ ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയില്‍ അകത്തുമുറി കായല്‍, പൊന്നുംതുരുത്ത്, വക്കം ഖാദര്‍ സ്മാരകം എന്നിവ കൂടി ഉള്‍പ്പെടണമെങ്കില്‍ കായിക്കര കടവുപാലം യാഥാര്‍ഥ്യമായേ കഴിയൂ.
വക്കം-അഞ്ചുതെങ്ങ്- നിലയ്ക്കാമുക്ക്- റിങ് റോഡ് പാലം പണിഞ്ഞാല്‍ വക്കത്തുകാര്‍ക്ക് ലഭിക്കുന്ന അധികലാഭം കൂടിയാകും. ഇപ്പോഴത്തെ ഗതാഗത പ്രശ്നത്തിന് പൂര്‍ണമായ പരിഹാരം കൂടിയാകാം ഈ റിങ് റോഡ്.
നാട്ടുകാര്‍ പലതവണ നിവേദനം നല്‍കിയതിന്റെ ഫലമായി പാലം നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി, മണ്ണിന്റെ ഉറപ്പുപരിശോധനയും എസ്റ്റിമേറ്റും പ്ലാനും വരെ തയ്യാറാക്കി. എന്നാല്‍ പലകാരണങ്ങളാല്‍ പണി മാത്രം നടന്നില്ല. കുമാരനാശാന് സ്മാരകത്തില്‍ നടന്ന ഒരു പൊതുസമ്മേളനത്തില്‍ പണി ഉടന്‍ ആരംഭിക്കുമെന്നും നബാര്‍ഡില്‍ നിന്ന് ഇരുപത്തെട്ട്കോടി രൂപ ഉപയോഗിച്ച് നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുമെന്നും ഫിഷറീസ് മന്ത്രി കെ.ബാബു ഉറപ്പു പറഞ്ഞിരുന്നെങ്കിലും വര്‍ഷം രണ്ട് കഴിഞ്ഞിട്ടും പാലം പണി പറഞ്ഞിടത്തുതന്നെ നില്‍ക്കുകയാണ്.
കടല്‍ക്ഷോഭം, സുനാമി എന്നീ ഭീഷണി ഉണ്ടാകുകയാണെങ്കില്‍ തീരവാസികള്‍ക്ക് സുരക്ഷിത സ്ഥലങ്ങളില്‍ ഏറ്റവും എളുപ്പത്തിലെത്താനുള്ള മാര്‍ഗം കൂടിയാകും പാലം.