സദാചാരപോലീസ് ചമഞ്ഞ് ദമ്പതിമാര്‍ക്ക് നേരെ ആക്രമണം: ഒരാള്‍ അറസ്റ്റില്‍
Posted on: 08 Sep 2015
വര്‍ക്കല: ഇടവ വെറ്റക്കട കടല്‍ത്തീരത്തെത്തിയ ദമ്പതിമാര്‍ക്ക് നേരെ സദാചാരപോലീസ് ചമഞ്ഞെത്തിയ മൂന്നംഗസംഘത്തിന്റെ ആക്രമണം. ഭര്‍ത്താവിനെ മര്‍ദിക്കുകയും ഭാര്യയെ കൈയില്‍ പിടിച്ച് തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു.
ദമ്പതിമാര്‍ നല്കിയ പരാതിയെത്തുടര്‍ന്ന് ഒരാളെ അയിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി ഇടവ ഐ.എസ്.ലാന്റില്‍ ബഷീര്‍(63) ആണ് പിടിയിലായത്. ഒറ്റൂര്‍ പഞ്ചായത്തിലെ എല്‍.ഡി.ക്ലര്‍ക്ക് ഷിബിനും ഭാര്യക്കും നേരെയാണ് ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച ഉച്ചക്ക് 2 മണിയോടെയായിരുന്നു സംഭവം. മണനാക്കില്‍ നിന്ന് പരവൂരിലെ ബന്ധുവീട്ടില്‍ പോകുന്ന വഴിയാണ് ഇരുവരും വെറ്റക്കട തീരത്തിറങ്ങിയത്. കടല്‍ത്തീരത്തിന് അഭിമുഖമായി നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ മൂന്നംഗസംഘം ഇവര്‍ക്ക് സമീപമെത്തി.
നിങ്ങള്‍ കാമുകീ കാമുകന്മാരാണോ, എന്തിനിവിടെ വന്നു എന്നുള്ള രീതിയില്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. തങ്ങള്‍ ദമ്പതിമാരാണെന്ന് പറഞ്ഞിട്ട് വിശ്വസിക്കാത്ത സംഘം അതിന് തെളിവ് ആവശ്യപ്പെട്ടു. താലി കാട്ടിയിട്ടും വിശ്വസിക്കാതെ ഇവര്‍ മോശം വാക്കുകളുപയോഗിച്ച് ചോദ്യങ്ങള്‍ തുടര്‍ന്നു. ശല്യം സഹിക്കാതെ ദമ്പതിമാര്‍ ബൈക്കില്‍ പോകാന്‍ തുനിഞ്ഞപ്പോള്‍ സംഘം ഇരുവരെയും തടഞ്ഞു. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാകുകയും ഷിബിന്‍ മര്‍ദ്ദനമേല്‍ക്കുകയും ചെയ്തതായി പോലീസ് പറയുന്നു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടാണ് പോലീസില്‍ പരാതി നല്‍കിയത്. തിങ്കളാഴ്ച രാവിലെ എസ്.ഐ.മാരായ ജി.സുനിലിന്റെയും ദീപുവിന്റെയും നേതൃത്വത്തില്‍ ബഷീറിനെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മറ്റ് രണ്ട് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.