വെളിവിളാകം-ആങ്ങാവിളറോഡില് വെള്ളക്കെട്ട്
Posted on: 08 Sep 2015
വക്കം: ആങ്ങാവിളറോഡ് കോണ്‍ക്രീറ്റ് ചെയ്തതോടെ വെളിവിളാകം ആങ്ങാവിള റോഡില്‍ വെള്ളക്കെട്ടായി. റോഡില്‍ നടന്നുപോലും പോകാന്‍ പറ്റാതായിട്ടും അധികൃതര്‍ അനങ്ങാത്തതില്‍ വന്‍ പ്രതിഷേധം.
ചാവടിമുക്ക്-വക്കം റോഡിനെയും നിലയ്ക്കാമുക്ക്-വക്കം റോഡിനെയും ബന്ധിപ്പിക്കുന്ന ഇടറോഡാണ് വെളിവിളാകം-ആങ്ങാവിള റോഡ്. മുന്നൂറ് മീറ്ററിലധികം വരുന്ന റോഡിനിരുവശവും നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്ക് പുറത്തേക്ക് പോകാനുള്ള ഏക മാര്‍ഗം ഈ വഴിയാണ്.
ആങ്ങാവിള റോഡ് അടുത്തിടെ പഞ്ചായത്ത് കോണ്‍ക്രീറ്റ് ചെയ്തു. ഇങ്ങനെ ചെയ്യുമ്പോള്‍ വെള്ളം ഒഴുകിപ്പോകുന്നതിന് സംവിധാനം ഒരുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികൃതര്‍ ഇതിന് തയ്യാറായില്ല. ആങ്ങാവിള റോഡ് നന്നാക്കിയതോടെ മഴവെള്ളം മുഴുവന്‍ വെളിവിളാകം റോഡില്‍ കെട്ടിനില്ക്കാന് തുടങ്ങി.
വെളിവിളാകം ദേവീ ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴിയാണിത്. ഇതില്‍ വെള്ളക്കെട്ടായത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടായിട്ടുണ്ട്. ഈ റോഡരികില്‍ താമസിക്കുന്നവര്‍ക്ക് പ്രധാന റോഡിലെത്താനും വളരെ ബുദ്ധിമുട്ടായിട്ടുണ്ട്.
ഗ്രാമപ്പഞ്ചായത്തധികൃതരോട് പരാതി പറഞ്ഞെങ്കിലും വെള്ളക്കെട്ട് ഒഴിവാക്കാനോ റോഡ് നന്നാക്കാനോ തയ്യാറായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. റോഡ് വികസനകാര്യത്തില്‍ സ്ഥാപിത താത്പര്യക്കാര്‍ കൈകടത്തുന്നതായാണ് ആരോപണം. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്നും കോണ്‍ക്രീറ്റ് ചെയ്ത് നന്നാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.