മരുതംകുഴിയില്‍ ബണ്ട് നിര്‍മാണം തുടങ്ങി
Posted on: 08 Sep 2015
തിരുവനന്തപുരം: മരുതംകുഴിയില്‍ താത്കാലിക ബണ്ട് തകര്‍ന്ന് വെള്ളപ്പൊക്കമുണ്ടായ മേഖലയില്‍ ദുരന്തനിവാരണ പരിധിയില്‍ ഉള്‍പ്പെടുത്തി അടിയന്തരമായി ബണ്ട് നിര്‍മാണം ആരംഭിച്ചതായി ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. കെ.മുരളീധരന് എം.എല്‍.എ.യുടെ ആവശ്യപ്രകാരമാണ് നടപടി.
ജൂണ്‍ 28നുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ സ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ ബണ്ട് നിര്‍മാണത്തിന് 25.15 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. മേജര്‍ ഇറിഗേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇതിന്റെ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. താത്കാലിക പരിഹാരമായി 45000 രൂപ മുടക്കി മണല്‍ച്ചാക്കുകള്‍ അടുക്കി ബണ്ട് നിര്‍മിച്ചിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം വീണ്ടും വെള്ളപ്പൊക്കമുണ്ടായി നാശമുണ്ടായത്.
മരുതംകുഴി പുതിയ പാലത്തിന് മുകളില്‍ കിള്ളിയാറിന്റെ ഇടതുകരയില് 460 മീറ്റര്‍ നീളത്തില്‍ രണ്ടുകോടി രൂപ ചെലവില്‍ പുതിയ ബണ്ടിന് എസ്റ്റിമേറ്റ് എടുത്ത് സര്‍ക്കാര്‍ പരിഗണനയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.