ശ്രീകാര്യംകോട് പാലംപണി അവതാളത്തില്‍

Posted on: 08 Sep 2015



വെള്ളറട: നിരവധി നിവേദനങ്ങള്‍ക്കൊടുവില്‍ ഫണ്ട് അനുവദിച്ചിട്ടും പാലം നിര്‍മാണം വൈകുന്നതായി പരാതി. കുന്നത്തുകാല്‍ ഗ്രാമപ്പഞ്ചായത്തിലെ കൈവന്‍കാല വാര്‍ഡിലെ ശ്രീകാര്യംകോട് പാലംപണിയാണ് അധികൃതരുടെ അനാസ്ഥകാരണം ചുവപ്പ്‌നാടയില്‍ കുരുങ്ങിയത്.
ശ്രീകാര്യംകോട്ടേയും, പരിസരപ്രദേശങ്ങളിലേയും നിവാസികളുടെ ഏക ആശ്രയമാണ് ഈ പാലം. മഴക്കാലങ്ങളില്‍ ചിറ്റാര്‍ നിറയുമ്പോള്‍ ഈപ്രദേശത്തെ ആളുകളുടെ യാത്രയും ദുരിതമാകുന്നു. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളില്‍ പോകാന്‍ നിവൃത്തിയില്ല. രോഗികളെ ആശുപത്രികളില്‍ എത്തിക്കാന്‍ അധികദൂരം സഞ്ചരിക്കേണ്ടിവരുന്നു ഇക്കാരണത്താല്‍ നാട്ടുകാര്‍ സംഘടിച്ച് നിവേദനങ്ങള്‍ നല്‍കിയതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിന് മുമ്പ് എം.പി. ഫണ്ടില്‍നിന്ന് 15ലക്ഷം രൂപ അനുവദിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ ശ്രമഫലമായി ഇരുത്തിമൂല-അരുവിയോട് റോഡ് മുതല്‍ പാലം എത്തുന്നതുവരെയുള്ള ഭാഗത്ത് റോഡ് നിര്‍മാണവും നടത്തി. കൂടാതെ ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം അധികൃതര്‍ക്ക് കൈമാറിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.
ഫണ്ട് അനുവദിച്ചട്ടും പാലം പണി വൈകിയതിനെ തുടര്‍ന്ന് തിരക്കിയപ്പോള്‍ നിര്‍മിച്ച റോഡ് പഞ്ചായത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന വാദമാണ് അധികൃതര്‍ ഉന്നയിക്കുന്നതെന്ന് നാട്ടുകാര്‍ പറയന്നു. ഇക്കാരണത്താലാണ് പാലംപണി വൈകുന്നതെന്നും, സംഭവത്തിന് പിന്നില്‍ രാഷ്ട്രീയചേരിതിരിവാണെന്ന ആരോപണവുമുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും, പാലം നിര്‍മിക്കുന്ന സ്ഥലം പഞ്ചായത്ത് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായും അധികൃതര്‍ പറഞ്ഞു.

More Citizen News - Thiruvananthapuram